കുട്ടികളുടെ സുരക്ഷയില്‍ വീഴ്ച: മെറ്റ 375 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാന്‍ വിധി

By: 600002 On: Mar 25, 2026, 12:11 PM



 

പി പി ചെറിയാന്‍

സാന്താ ഫേ (ന്യൂ മെക്‌സിക്കോ): ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ, കുട്ടികളെ ചൂഷണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 375 മില്യണ്‍ ഡോളര്‍ (ഏകദേശം 3,100 കോടി രൂപ) പിഴയൊടുക്കാന്‍ ന്യൂ മെക്‌സിക്കോ ജൂറി ഉത്തരവിട്ടു. സംസ്ഥാനത്തെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങള്‍ മെറ്റ മനഃപൂര്‍വം ലംഘിച്ചുവെന്നാണ് ജൂറിയുടെ കണ്ടെത്തല്‍.

13 വയസ്സുകാരിയുടെ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് നടത്തിയ രഹസ്യ അന്വേഷണത്തില്‍, കുട്ടികളെ ചൂഷണം ചെയ്യുന്നവരില്‍ നിന്ന് ഈ പ്രൊഫൈലിലേക്ക് നിരന്തരം സന്ദേശങ്ങളും ചിത്രങ്ങളും ലഭിച്ചതായി ന്യൂ മെക്‌സിക്കോ അറ്റോര്‍ണി ജനറല്‍ കണ്ടെത്തിയിരുന്നു.

ലാഭത്തിനായി കുട്ടികളുടെ സുരക്ഷ മെറ്റ അവഗണിച്ചുവെന്നും ആപ്പുകളുടെ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

കോടതി വിധിയോട് വിയോജിക്കുന്നുവെന്നും ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും മെറ്റ വക്താവ് അറിയിച്ചു. കൗമാരക്കാരുടെ സുരക്ഷയ്ക്കായി തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അവകാശപ്പെട്ടു.

മെയ് 4-ന് നടക്കുന്ന അടുത്ത ഘട്ട വിചാരണയില്‍, കുട്ടികളുടെ സുരക്ഷയ്ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കണമോ എന്നും ആപ്പുകളുടെ ഡിസൈനില്‍ മാറ്റം വരുത്തണമോ എന്നും കോടതി തീരുമാനിക്കും.

കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ ടെക് ഭീമന്മാര്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ഈ വിധി വിലയിരുത്തപ്പെടുന്നു.