മിനിമം വേജ് വർദ്ധിപ്പിച്ച് ബ്രിട്ടീഷ് കൊളംബിയ; മാറ്റമില്ലാതെ ആൽബർട്ട

By: 600110 On: Mar 25, 2026, 7:15 AM

കുറഞ്ഞ വേതനം വർദ്ധിപ്പിക്കാൻ തീരുമാനിച്ച്  ബ്രിട്ടീഷ് കൊളംബിയ സർക്കാർ. വരുന്ന ജൂൺ ഒന്ന് മുതൽ മിനിമം വേജ് മണിക്കൂറിന് 18.25 ഡോളറായി ഉയരും. നിലവിൽ ഇത് 17.85 ഡോളറാണ്. കഴിഞ്ഞ വർഷത്തെ പണപ്പെരുപ്പ നിരക്കിന്  ആനുപാതികമായാണ് ഈ വർദ്ധനവ് നടപ്പിലാക്കുന്നത്. ഇതോടെ കാനഡയിലെ പ്രവിശ്യകളിൽ ഏറ്റവും ഉയർന്ന കുറഞ്ഞ വേതനം നൽകുന്ന ഇടമായി ബി.സി. മാറും. ഭക്ഷണത്തിനും യാത്രയ്ക്കും ഉൾപ്പെടെയുള്ള നിത്യജീവിത ചെലവുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം തൊഴിലാളികൾക്ക് വലിയ ആശ്വാസമാകുമെന്ന് ബി.സി. തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, അയൽ പ്രവിശ്യയായ ആൽബർട്ടയിൽ മിനിമം വേജിൽ മാറ്റമില്ലാതെ തുടരുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. 2019-ന് ശേഷം ആൽബർട്ടയിൽ മിനിമം വേജ് മണിക്കൂറിന് 15 ഡോളർ എന്ന നിരക്കിൽ തന്നെ തുടരുകയാണ്. പണപ്പെരുപ്പത്തിനനുസരിച്ച് വേതനം വർദ്ധിപ്പിക്കാത്തതിനാൽ തൊഴിലാളികളുടെ ജീവിതനിലവാരത്തെ ഇത് ബാധിക്കുന്നുവെന്ന വിമർശനം ശക്തമാണ്. നിലവിൽ കാനഡയിലെ പ്രവിശ്യകളിൽ ഏറ്റവും കുറഞ്ഞ വേതനം നൽകുന്ന ഇടങ്ങളിലൊന്നായി ആൽബർട്ട മാറിയിരിക്കുകയാണ്. ബി.സി.യുമായി താരതമ്യം ചെയ്യുമ്പോൾ ആൽബർട്ടയിലെ തൊഴിലാളികൾക്ക് മണിക്കൂറിന് 3.25 ഡോളറിന്റെ കുറവാണ് ഉള്ളത്.