ഡീപ്‌ഫേക്ക് ദൃശ്യങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ആൽബർട്ട; നിയമം ഭേദഗതി ചെയ്യുന്നു

By: 600110 On: Mar 25, 2026, 7:11 AM

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ അശ്ലീല ദൃശ്യങ്ങൾ അഥവാ 'ഡീപ്‌ഫേക്കുകൾ' പ്രചരിപ്പിക്കുന്നവർക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യാൻ അനുമതി നൽകുന്ന രീതിയിൽ നിയമം പരിഷ്കരിക്കാനൊരുങ്ങി ആൽബർട്ട. വ്യക്തികളുടെ അന്തസ്സിനും സ്വകാര്യതയ്ക്കും ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്ന ഇത്തരം വ്യാജ ദൃശ്യങ്ങൾക്കെതിരെ ശക്തമായ സുരക്ഷാ കവചം ഒരുക്കുകയാണ് ലക്ഷ്യമെന്ന്  മന്ത്രി നേറ്റ് ഗ്ലുബിഷ് അറിയിച്ചു. പുതിയ ഭേദഗതി പ്രകാരം വീഡിയോകൾക്ക് പുറമെ കൃത്രിമമായി നിർമ്മിച്ച ഓഡിയോ റെക്കോർഡിംഗുകളും നിയമത്തിൻ്റെ പരിധിയിൽ വരും.

ഇരകൾക്ക് കുറ്റക്കാർക്കെതിരെ കോടതിയെ സമീപിക്കാനും നഷ്ടപരിഹാരം ആവശ്യപ്പെടാനും ഇതിലൂടെ സാധിക്കും.
ഈ വർഷം അവസാനത്തോടെ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഈ നിയമത്തെ ആൽബർട്ടയിലെ വിവിധ സാമൂഹിക സംഘടനകൾ സ്വാഗതം ചെയ്തു. നിലവിൽ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ഡീപ്‌ഫേക്കുകൾ തടയുന്നതിൽ ആൽബർട്ട പിന്നിലാണെന്നും, പുതിയ നിയമത്തിന് കുറ്റവാളികളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള കർശനമായ വ്യവസ്ഥകൾ ഉണ്ടാകണമെന്നും ചിനൂക്ക് സെക്ഷ്വൽ അസാൾട്ട് സെൻ്റർ സി.ഇ.ഒ ക്രിസ്റ്റീൻ കാസി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ യുഗത്തിലെ പുതിയ വെല്ലുവിളികളെ നേരിടാൻ സർക്കാരിന്റെ ഈ ഇടപെടൽ അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.