കാനഡയിലെ ഫെഡറൽ തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസമായി മിനിമം വേജ് (കുറഞ്ഞ വേതനം) വർധിപ്പിച്ചു. ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ ശമ്പളം നിലവിൽ വരുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. നിലവിലുള്ള 17.75 ഡോളറിൽ നിന്ന് 40 സെൻ്റ് വർധിപ്പിച്ച് മണിക്കൂറിന് 18.15 ഡോളറായാണ് ഉയർത്തിയിരിക്കുന്നത്.
പണപ്പെരുപ്പത്തിന് ആനുപാതികമായി ഓരോ വർഷവും നടത്തുന്ന ശമ്പള പരിഷ്കരണത്തിൻ്റെ ഭാഗമായാണ് ഈ നടപടി. കാനഡയിലെ ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയാണ് പുതിയ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 2021-ൽ ജസ്റ്റിൻ ട്രൂഡോ സർക്കാരാണ് ഫെഡറൽ മിനിമം വേജ് സമ്പ്രദായം ആദ്യമായി നടപ്പിലാക്കിയത്. ബാങ്കിംഗ്, ഗതാഗതം , ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയ ഫെഡറൽ നിയന്ത്രണത്തിലുള്ള തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഈ വർധനവിൻ്റെ ഗുണം ലഭിക്കുക. എന്നാൽ ഭൂരിഭാഗം സാധാരണ ജീവനക്കാരും അതത് പ്രവിശ്യകളുടെ കീഴിലുള്ള മിനിമം വേജ് നിയമത്തിന് കീഴിലാണ് വരുന്നത്. നിലവിൽ കാനഡയിൽ ഏറ്റവും ഉയർന്ന മിനിമം വേജ് നുനാവട്ടിലും (19.75 ഡോളർ), ഏറ്റവും കുറഞ്ഞത് ആൽബർട്ടയിലുമാണ് (15.00 ഡോളർ).
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കണക്കിലെടുത്ത് സാധാരണക്കാരുടെ ക്രയശേഷി നിലനിർത്താനാണ് ഈ വർധനവെന്ന് സർക്കാർ വ്യക്തമാക്കി. അടുത്ത വർഷത്തെ ശമ്പള പരിഷ്കരണം 2027-ൽ പ്രഖ്യാപിക്കും. ഫെഡറൽ ജോലികളിലുള്ളവർക്ക് അടുത്ത ആഴ്ച മുതൽ തന്നെ പുതുക്കിയ ശമ്പളം ലഭിച്ചു തുടങ്ങും.