കാനഡയിലെ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം വർധിപ്പിക്കാൻ ഫെഡറൽ സർക്കാർ തീരുമാനിച്ചു. പഠനച്ചെലവ് കുറച്ച് ഉന്നതവിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 120 കോടി ഡോളറിലധികമാണ് സർക്കാർ ഇതിനായി നീക്കിവച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രാൻ്റുകളിൽ 40 ശതമാനത്തിന്റെ വർധനവാണ് വരുത്തിയിരിക്കുന്നത്. ഇതിലൂടെ ഏകദേശം 5,71,000 വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രയോജനം ലഭിക്കും. കൂടാതെ, ലോൺ തുക ആഴ്ചയിൽ 210 ഡോളറിൽ നിന്നും 300 ഡോളറായി ഉയർത്തിയിട്ടുണ്ട്.
ഏകദേശം 4,22,000 വിദ്യാർത്ഥികൾക്ക് ഈ ലോൺ സഹായം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ഫുൾടൈം അല്ലെങ്കിൽ പാർട്ട് ടൈം ആയി പഠിക്കുന്നവർക്ക് ഈ സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും കുട്ടികളുള്ളവർക്കും പ്രത്യേക പരിഗണന ലഭിക്കും. കുടുംബത്തിന്റെ വാർഷിക വരുമാനം, താമസിക്കുന്ന സ്ഥലം, പഠിക്കുന്ന കോഴ്സിന്റെ ഫീസ് എന്നിവ കണക്കിലെടുത്തായിരിക്കും തുക നിശ്ചയിക്കുന്നത്.
ഗ്രാൻ്റുകൾ തിരിച്ചു നൽകേണ്ടതില്ലെങ്കിലും ലോൺ തുക പഠനത്തിന് ശേഷം തിരിച്ചടയ്ക്കണം. എന്നാൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇതിന് പലിശ നൽകേണ്ടതില്ല എന്നത് വലിയ ആശ്വാസമാണ്. ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ, സോഷ്യൽ വർക്കർമാർ തുടങ്ങിയ പ്രൊഫഷണലുകളിൽ ഉൾപ്പെടുന്നവർക്ക് പ്രത്യേക സാഹചര്യങ്ങളിൽ ലോൺ ഇളവുകൾക്കും അർഹതയുണ്ടായിരിക്കും. കാനഡയിലെ വർധിച്ചു വരുന്ന ജീവിതച്ചെലവ് കണക്കിലെടുത്ത് വിദ്യാർത്ഥികളെ സഹായിക്കുക എന്നത് സർക്കാരിന്റെ മുൻഗണനയാണെന്ന് മന്ത്രി പാറ്റി ഹാജ്ദു വ്യക്തമാക്കി. സമർത്ഥരായ ഒരു യുവതലമുറയെ കെട്ടിപ്പടുക്കാൻ ഇത്തരം സാമ്പത്തിക സഹായങ്ങൾ അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.