കാനഡയിലുടനീളം വ്യാപകമായിരിക്കുന്ന ഫോൺ അപ്‌ഗ്രേഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് 19 വയസ്സുകാരനെ അറസ്റ്റ് ചെയ്ത് ആർ.സി.എം.പി. ആൽബർട്ടയിലെ എയർഡ്രിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രമുഖ ടെലികോം കമ്പനികളുടെ പേരിലായിരുന്നു ഈ വൻ തട്ടിപ്പ് അരങ്ങേറിയത്.
ടെലികോം കമ്പനികളിലെ ജീവനക്കാരെന്ന വ്യാജേനയാണ് തട്ടിപ്പുകാർ ആളുകളെ ഫോണിൽ ബന്ധപ്പെടുന്നത്. വിശ്വാസ്യത ഉറപ്പാക്കാൻ വ്യാജ ജീവനക്കാരുടെ പേരും സൂപ്പർവൈസർമാരുടെ വിവരങ്ങളും ഇവർ കൈമാറും. കമ്പനിയുടെ ഔദ്യോഗിക ലോഗോ ഉള്ള വ്യാജ ഇമെയിലുകൾ കൂടി എത്തുന്നതോടെ പലരും ഈ കെണിയിൽ വീണു പോവുകയായിരുന്നു. ഫോൺ അപ്‌ഗ്രേഡ് ചെയ്യാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് കമ്പനിയുടെ ഔദ്യോഗിക ആപ്പ് വഴി തന്നെ പലരും പുതിയ ഫോണുകൾ ഓർഡർ ചെയ്തു.
എന്നാൽ ഫോൺ വീട്ടിലെത്തിക്കഴിയുമ്പോഴാണ് തട്ടിപ്പിൻ്റെ രണ്ടാം ഘട്ടം തുടങ്ങുന്നത്. തട്ടിപ്പുകാർ വീണ്ടും വിളിച്ച്, അയച്ച ഫോൺ മാറിപ്പോയെന്നും അത് തിരികെ നൽകണമെന്നും ആവശ്യപ്പെടും. തുടർന്ന് അവർ നൽകുന്ന ഒരു വിലാസത്തിലേക്ക് ഫോൺ കൊറിയർ ചെയ്യാൻ നിർദ്ദേശിക്കും. ഈ വിലാസങ്ങൾ തട്ടിപ്പ് സംഘത്തിൻ്റേതായിരിക്കും. കഴിഞ്ഞ ജനുവരി എട്ടിനാണ് കേസുമായി ബന്ധപ്പെട്ട 19-കാരനെ പോലീസ് പിടികൂടിയത്. തട്ടിപ്പിലൂടെ കൈക്കലാക്കിയ അയ്യായിരം ഡോളറിലധികം മൂല്യമുള്ള സാധനങ്ങൾ കൈമാറ്റം ചെയ്തതിനും നിയമവിരുദ്ധമായി തപാൽ സംവിധാനം ഉപയോഗിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
അപരിചിത നമ്പറുകളിൽ നിന്നുള്ള ഫോൺ കോളുകൾ വഴി വരുന്ന ഓഫറുകളിൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. എന്തെങ്കിലും സംശയമുണ്ടെങ്കിൽ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റോ ബില്ലുകളോ വഴി മാത്രം വിവരങ്ങൾ ഉറപ്പുവരുത്തുക. തട്ടിപ്പിനിരയായാൽ ഉടൻ തന്നെ പോലീസിനെയോ ക്രൈം സ്റ്റോപ്പേഴ്സിനെയോ വിവരം അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.