കാനഡയിൽ വേനൽക്കാല യാത്രകൾ കുറഞ്ഞ ചിലവിൽ ആസ്വദിക്കാൻ അവസരമൊരുക്കുന്ന 'കാനഡ സ്ട്രോങ്ങ് പാസ്' പദ്ധതി ഈ വർഷവും തിരിച്ചെത്തുന്നു. ജൂൺ 19 മുതൽ സെപ്റ്റംബർ ഏഴ് വരെ നീണ്ടുനിൽക്കുന്ന ഈ പദ്ധതിയുടെ മൂന്നാം ഘട്ടമാണിപ്പോൾ ആരംഭിക്കുന്നത്. രാജ്യത്തെ അടുത്ത തലമുറയ്ക്ക് കാനഡയുടെ പൈതൃകവും പ്രകൃതിഭംഗിയും അടുത്തറിയാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.
പാർക്സ് കാനഡ സൈറ്റുകൾ, മ്യൂസിയങ്ങൾ, ഗാലറികൾ എന്നിവിടങ്ങളിൽ സൗജന്യ പ്രവേശനവും, റെയിൽ ടിക്കറ്റുകളിലും താമസസൗകര്യങ്ങളിലും വലിയ ഇളവുകളും ഈ കാലയളവിൽ സഞ്ചാരികൾക്ക് ലഭിക്കും. കനേഡിയൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും പുറമെ വിനോദസഞ്ചാരികൾക്കും ഈ ആനുകൂല്യം ലഭ്യമാകുമെന്നതാണ് ഇതിൻ്റെ പ്രത്യേകത. 17 വയസ്സിന് താഴെയുള്ളവർക്ക് മ്യൂസിയങ്ങളിലും വിയ റെയിലിലും സൗജന്യ പ്രവേശനം ലഭിക്കുമ്പോൾ, 18 മുതൽ 24 വയസ്സുവരെയുള്ള യുവാക്കൾക്ക് ടിക്കറ്റ് നിരക്കിൽ 25 മുതൽ 50 ശതമാനം വരെ ഇളവ് ലഭിക്കും.
കഴിഞ്ഞ വർഷങ്ങളിൽ ഈ പദ്ധതി വഴി സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായി പാർക്സ് കാനഡ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ നാഷണൽ പാർക്കുകളിലെ പ്രവേശന നിരക്ക് വിദേശികൾക്ക് കുത്തനെ കൂട്ടിയ സാഹചര്യത്തിൽ, കാനഡയുടെ ഈ നീക്കം ആഭ്യന്തര വിനോദസഞ്ചാര മേഖലയ്ക്ക് വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.