കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് നേരെ സോഷ്യൽ മീഡിയയിലൂടെ വധഭീഷണി മുഴക്കിയ ടൊറൻ്റോ സ്വദേശിനി നിക്കോൾ പിയറൻ മിസ്‌കെക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. ഫെബ്രുവരി പത്തിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കനേഡിയൻ വ്യോമപാത ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ഇവർ ഭീഷണി മുഴക്കിയത്. "ഞാൻ നിന്നെ തേടി വരുന്നു" എന്നടക്കമുള്ള പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയതിനെത്തുടർന്ന് ടൊറൻ്റോ പോലീസ് ഇവരുടെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ വീഡിയോ മിസ്‌കെ തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് സംഭവം വിവാദമായത്.
അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണ് പോലീസ് നടപടിയെന്ന് ചിലർ വാദിക്കുന്നുണ്ടെങ്കിലും, ഇത് വെറുമൊരു രാഷ്ട്രീയ വിമർശനമല്ലെന്നും മറിച്ച് ക്രിമിനൽ കുറ്റത്തിൻ്റെ പരിധിയിൽ വരുന്ന നേരിട്ടുള്ള ഭീഷണിയാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. കനേഡിയൻ ക്രിമിനൽ കോഡ് സെക്ഷൻ 264.1 പ്രകാരം ഒരാളെ വധിക്കുമെന്നോ ശാരീരികമായി ഉപദ്രവിക്കുമെന്നോ ഭീഷണിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റമാണ്. രാജ്യത്തെ പ്രധാനമന്ത്രിക്ക് നേരെ ഇത്തരം ഭീഷണികൾ ഉയരുമ്പോൾ അത് പരിശോധിക്കേണ്ടത് പോലീസിൻ്റെ ഉത്തരവാദിത്തമാണെന്നും, ഇതിനെ 'അഭിപ്രായസ്വാതന്ത്ര്യം' എന്ന് വിശേഷിപ്പിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും അധികൃതർ വ്യക്തമാക്കി.