കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥി പ്രോഗ്രാമിന് കീഴിൽ പഠന വിസയുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിക്കുന്നതിൽ ഇമിഗ്രേഷൻ വകുപ്പ് പരാജയമാണെന്ന് ഓഡിറ്റർ ജനറൽ കാരെൻ ഹൊഗാൻ്റെ പുതിയ റിപ്പോർട്ട് . 2023-2024 കാലയളവിൽ വിസ നിബന്ധനകൾ ലംഘിച്ചതായി സംശയിക്കുന്ന ഒന്നര ലക്ഷത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും, ഇതിൽ വെറും 4,000 കേസുകളിൽ മാത്രമാണ് സർക്കാർ അന്വേഷണം നടത്തിയത്. വിസ കാലാവധി കഴിഞ്ഞിട്ടും 39,500 പേരോട് രാജ്യം വിടാൻ നിർദ്ദേശിച്ചെങ്കിലും, ഇതിൽ 16,000 പേർ മാത്രമാണ് കാനഡ വിട്ടതെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസിയുമായി ചേർന്ന് നടത്തിയ ഓഡിറ്റിൽ കണ്ടെത്തി.
പലരും വ്യാജ രേഖകൾ സമർപ്പിച്ചാണ് വിസ നേടിയതെന്നതും, ഇത്തരക്കാരെ നിരീക്ഷിക്കുന്നതിൽ വകുപ്പ് പരാജയപ്പെട്ടത് രാജ്യസുരക്ഷയെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. വർഷത്തിൽ വെറും 2,000 കേസുകൾ മാത്രം അന്വേഷിക്കാനുള്ള ബജറ്റ് മാത്രമാണ് തങ്ങൾക്കുള്ളതെന്നാണ് ഇമിഗ്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. വ്യാജരേഖകൾ സമർപ്പിച്ച 800-ഓളം കേസുകളിൽ നടപടിയെടുക്കാത്തതിനാൽ, ഇവർ ഭാവിയിൽ മറ്റ് ഇമിഗ്രേഷൻ ആനുകൂല്യങ്ങൾ നേടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഓഡിറ്റർ ജനറലിൻ്റെ നിർദ്ദേശങ്ങൾ അംഗീകരിക്കുന്നതായും 2027-ഓടെ താൽക്കാലിക താമസക്കാരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെയാക്കാനുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കി വരികയാണെന്നും ഇമിഗ്രേഷൻ മന്ത്രി ലീന ദിയാബ് അറിയിച്ചു. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവരെ കണ്ടെത്താൻ ബോർഡർ സർവീസസ് ഏജൻസിയുമായി ചേർന്ന് കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.