ഭീകര സംഘടനയായ ഹിസ്ബുള്ളയ്ക്ക് പണം നൽകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് വാൻകൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്നൊരു കനേഡിയൻ കമ്പനിക്ക് വിലക്കേർപ്പെടുത്തി അമേരിക്കൻ സർക്കാർ . 'സെവൻ സീസ് ഫോർ ഇൻ്റർനാഷണൽ ട്രേഡിംഗ് ആൻഡ് ലോജിസ്റ്റിക്സ്' എന്ന കമ്പനിക്കാണ് അമേരിക്ക വിലക്കേർപ്പെടുത്തിയത്. കാനഡയിലും മിഡിൽ ഈസ്റ്റിലുമായി പ്രവർത്തിക്കുന്ന 16 വ്യക്തികൾക്കും കമ്പനികൾക്കുമെതിരെയാണ് അമേരിക്കൻ ട്രഷറി ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്.
2022-ലാണ് ഈ കമ്പനി ബ്രിട്ടീഷ് കൊളംബിയയിൽ രജിസ്റ്റർ ചെയ്തത്. ഖത്തറിൽ താമസിക്കുന്ന റഊഫ് ഫാദൽ, മുഹമ്മദ് വെഹ്‌ബെ, അഹമ്മദ് വെഹ്‌ബെ എന്നിവരാണ് ഈ കമ്പനിയുടെ ഡയറക്ടർമാർ. ഇതിൽ ഫാദൽ ഹിസ്ബുള്ളയുടെ സാമ്പത്തിക വിഭാഗത്തിൽപ്പെട്ടയാളാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. വിന്നിപെഗിലെ ഒരു കൺസൾട്ടിംഗ് സ്ഥാപനമാണ് ഈ കമ്പനിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. വാൻകൂവറിലെ ഒരു നിയമ സ്ഥാപനത്തിൻ്റെ വിലാസത്തിലാണ് ഈ കമ്പനി പ്രവർത്തിക്കുന്നത്.
ഈ കമ്പനി ഇപ്പോഴും കാനഡയിൽ സജീവമാണെങ്കിലും കനേഡിയൻ അധികൃതർ ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ല. ഹിസ്ബുള്ളയുടെ സാമ്പത്തിക ശൃംഖല നയിക്കുന്ന അലാ ഹമീഹ് എന്ന കനേഡിയൻ പാസ്‌പോർട്ട് ഉടമയുമായി ഈ കമ്പനിക്ക് ബന്ധമുണ്ടെന്നാണ് അമേരിക്ക പറയുന്നത്. ലബനൻ, സിറിയ, പോളണ്ട് തുടങ്ങി പല രാജ്യങ്ങളിലും ഇയാൾക്ക് കമ്പനികളുണ്ട്. 2020 മുതൽ 100 ദശലക്ഷം ഡോളറിലധികം ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടതായാണ് വിവരം.
ഭീകരവാദ പ്രവർത്തനങ്ങൾക്കായി കാനഡയിൽ പണസമാഹരണം നടക്കുന്നുണ്ടെന്ന് സുരക്ഷാ ഏജൻസികൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം കാര്യങ്ങൾ തടയാൻ കാനഡ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്.