ന്യൂയോർക്കിൽ എയർ കാനഡ വിമാനം ഫയർ ട്രക്കുമായി കൂട്ടിയിടിച്ച് അപകടം: രണ്ട് പൈലറ്റുമാർ മരിച്ചു

By: 600110 On: Mar 24, 2026, 10:29 AM

മോൺട്രിയലിൽ നിന്നും ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിലേക്ക് എത്തിയ എയർ കാനഡ വിമാനം റൺവേയിൽ ഫയർ ട്രക്കുമായി കൂട്ടിയിടിച്ച് പൈലറ്റുമാർ മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം. 72 യാത്രക്കാരും vend ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന് പുറത്തേക്ക് തെറിച്ച എയർ ഹോസ്റ്റസ് അത്ഭുതകരമായി രക്ഷപ്പെട്ടു.

ലാൻഡിംഗിനിടെ റൺവേ മുറിച്ചുകടക്കുകയായിരുന്ന അഗ്നിശമന സേനാ ട്രക്കിൽ വിമാനം ഇടിക്കുകയായിരുന്നു. അപകടത്തിൻ്റെ ആഘാതത്തിൽ വിമാനത്തിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അതേസമയം, വിമാനത്തിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ സോളാഞ്ച് ട്രെംബ്ലേ എന്ന ഫ്ലൈറ്റ് അറ്റൻഡൻ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനത്തിൽ നിന്നും തെറിച്ചു വീഴുമ്പോഴും അവർ സീറ്റിൽ ബെൽറ്റ് ധരിച്ച നിലയിലായിരുന്നു.കാലിന് ഒടിവുണ്ടായ അവർക്ക് ശസ്ത്രക്രിയ ആവശ്യമാണെങ്കിലും നിലവിൽ ആശങ്കപ്പെടാനില്ല. വിമാനത്തിലെ സീറ്റുകളുടെ കരുത്തുറ്റ രൂപകല്പനയാണ് അവരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

പരിക്കേറ്റ 40-ഓളം യാത്രക്കാരെ ക്വീൻസിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മിക്കവരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം മടങ്ങിയെങ്കിലും ഒൻപത് പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ഫയർ ട്രക്കിലുണ്ടായിരുന്ന രണ്ട് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.  മറ്റൊരു വിമാനത്തിലെ അടിയന്തര സാഹചര്യം നേരിടാൻ പുറപ്പെട്ടതായിരുന്നു ഫയർ ട്രക്കെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് തിങ്കളാഴ്ച ഉച്ചവരെ വിമാനത്താവളം അടച്ചിട്ടു. യു.എസ്, കനേഡിയൻ സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് എയർ കാനഡയും ജാസ് ഏവിയേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.