ടെക്‌സസില്‍ കാര്‍ വീടിനുള്ളിലേക്ക് ഇടിച്ചുകയറി ദുരന്തം: അമ്മയും ഏഴു വയസ്സുകാരനും മരിച്ചു

By: 600002 On: Mar 24, 2026, 7:06 AM



 

പി പി ചെറിയാന്‍

സ്റ്റീഫന്‍വില്‍(ടെക്‌സാസ്): ഞായറാഴ്ച പുലര്‍ച്ചെ വടക്കന്‍ ടെക്‌സസിലെ ഒരു വീടിനുള്ളിലേക്ക് കാര്‍ ഇടിച്ചുകയറി ഒരു സ്ത്രീയും ആണ്‍കുട്ടിയും കൊല്ലപ്പെട്ട സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന യുവതി പോലീസ് കസ്റ്റഡിയിലായി.

ബാര്‍ബറ റോച്ച, ഇവരുടെ ഏഴു വയസ്സുകാരനായ മകന്‍ അലക്‌സ് എന്നിവരാണ് മരിച്ചത്. അപകടസമയത്ത് ഇവര്‍ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്നു. ഇവരുടെ ചെറിയ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്ന 18 വയസ്സുകാരി ഗ്രേസി യേറ്റ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരില്‍ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. നിലവില്‍ 29,000 ഡോളര്‍ ജാമ്യത്തുകയില്‍ ഇവര്‍ ഈറാത്ത് കൗണ്ടി ജയിലിലാണ്.

അമിതവേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് വീടിന്റെ ചുവര്‍ തകര്‍ത്ത് ഉള്ളിലേക്ക് കയറുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപ്രതീക്ഷിതമായുണ്ടായ ഈ ദുരന്തത്തില്‍ തകര്‍ന്ന കുടുംബത്തെ സഹായിക്കാന്‍ അയല്‍വാസികള്‍ ഒത്തുചേരുകയാണ്.