കൊലപാതകക്കേസിൽ പ്രതിയുടെ വംശീയ പശ്ചാത്തലം പരിഗണിച്ച് പരോൾ വ്യവസ്ഥയിൽ ഇളവ്; കാനഡയിൽ നിയമതർക്കം മുറുകുന്നു

By: 600110 On: Mar 23, 2026, 9:44 AM

 

കാനഡയിൽ വംശീയതയെയും നീതിയെയും കുറിച്ചുള്ള വലിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ് ബി.സി സുപ്രീം കോടതിയുടെ പുതിയൊരു വിധി . കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ വംശീയ പശ്ചാത്തലം പരിഗണിച്ച് പരോൾ കാലാവധിയിൽ ഇളവ് നൽകിയതാണ് വിവാദമായത്.  

2021 ഡിസംബറിൽ ഷോപ്പിംഗ് മാളിലെ ഗോവണിപ്പടിയിൽ വെച്ച് കാമുകിയെ 15 തവണ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എവർട്ടൺ ഡൗണിക്ക് പരോൾ കാലാവധിയിൽ ഇളവ് നൽകിയ കോടതി നടപടിയാണ് വലിയ ചർച്ചകൾക്ക് വഴിവച്ചത്.  കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട ഡൗണിക്ക്, നിയമപ്രകാരം പരോൾ ലഭിക്കുന്നതിന് മുമ്പ് കുറഞ്ഞത് 15 വർഷമെങ്കിലും ജയിൽ ശിക്ഷ അനുഭവിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അസോസിയേറ്റ് ചീഫ് ജസ്റ്റിസ് ഹെതർ ഹോംസ് ഈ കാലാവധി 12 വർഷമായി കുറച്ചു.

പ്രതിയുടെ വംശീയവും സാംസ്കാരികവുമായ പശ്ചാത്തലം പരിശോധിക്കുന്ന 'ഇംപാക്ട് ഓഫ് റേസ് ആൻഡ് കൾച്ചർ അസസ്‌മെൻ്റ്' (IRCA) റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ജഡ്ജി ഈ തീരുമാനമെടുത്തത്. ഒരു കറുത്ത വർഗ്ഗക്കാരൻ എന്ന നിലയിൽ ഡൗണി നേരിട്ട വെല്ലുവിളികൾ പരിഗണിച്ചാണ് ഈ ഇളവ് നൽകിയത്.

എന്നാൽ, കൊടുംകുറ്റകൃത്യങ്ങളിൽ ഇത്തരത്തിൽ "വംശീയ ആനുകൂല്യം" നൽകുന്നത് നിയമത്തിന് മുന്നിലുള്ള തുല്യനീതിയെ തകർക്കുമെന്ന് നിയമവിദഗ്ധനായ ബ്രൂസ് പാർഡി അഭിപ്രായപ്പെട്ടു. കാനഡയിലെ 'ഇക്വിറ്റി'  നയങ്ങൾ  ആളുകളോട് വ്യത്യസ്തമായി പെരുമാറുന്നതിന് കാരണമാകുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പ്രതിയുടെ സാമൂഹിക പശ്ചാത്തലം മനസ്സിലാക്കാൻ ഇത്തരം റിപ്പോർട്ടുകൾ സഹായിക്കുമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. എന്നാൽ ഇത് ഇരകൾക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന നിലപാടിലാണ് വിമർശകർ.