2030 വരെ കാലാവധിയുള്ള യുഎസ് വർക്ക് വിസ കൈവശമുണ്ടായിട്ടും കനേഡിയൻ യുവതിയെയും ഏഴ് വയസ്സുകാരിയായ മകളെയും ടെക്സസിലെ ഇമിഗ്രേഷൻ ജയിലിൽ തടഞ്ഞുവെച്ചു. ബി.സിയിലെ പെൻ്റക്ടണിൽ നിന്നുള്ള 47-കാരി ടാനിയ വാർണർ, മകൾ ഐല ലൂക്കാസ് എന്നിവരാണ് ഒരാഴ്ചയായി തടവിൽ കഴിയുന്നത്. ഓട്ടിസം ബാധിതയായ ഐലയ്ക്ക് ഈ സാഹചര്യം വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കുന്നതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെ അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ വെച്ചാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് (ICE) ഇവരെ കസ്റ്റഡിയിലെടുത്തത്. വാർണർ വിസ കാലാവധിക്ക് ശേഷവും അമേരിക്കയിൽ താമസിച്ചു എന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. എന്നാൽ 2030 ജൂൺ എട്ട് വരെ കാലാവധിയുള്ള കൃത്യമായ രേഖകൾ തൻ്റെ പക്കലുണ്ടെന്ന് വാർണറുടെ ഭർത്താവ് എഡ്വേർഡ് റോസ് വ്യക്തമാക്കി.
നിലവിൽ ടെക്സസിലെ ഒരു തടങ്കൽ കേന്ദ്രത്തിൽ കഴിയുന്ന ഇവരോട് രാജ്യം വിട്ടുപോകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നിയമപരമായ വിസയുള്ളവർക്ക് നേരെയുണ്ടാകുന്ന ഇത്തരത്തിലുള്ള നടപടികൾക്കെതിരെ കാനഡയിലും ടെക്സസിലും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇവരെ എത്രയും വേഗം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി സമൂഹവും രംഗത്തെത്തിയിട്ടുണ്ട്.