ലോകത്തെ ശതകോടീശ്വരന്മാരുടെ വാർഷിക പട്ടിക പുറത്ത് വിട്ട് ഫോബ്‌സ് മാസിക, കാനഡയിൽ നിന്ന് പട്ടികയിൽ ഇടം നേടിയത് ബൈനാൻസ് സിഇഒ ഷാങ്പെങ് ഷാവോ മാത്രം

By: 600110 On: Mar 23, 2026, 9:14 AM

ശതകോടീശ്വരന്മാരുടെ വാർഷിക പട്ടിക പുറത്ത് വിട്ട് ഫോബ്‌സ് മാസിക. 20 പേരുടെ പട്ടികയിൽ കാനഡയിൽ നിന്ന് സ്ഥാനം പിടിച്ചിട്ടുള്ളത്ക്രിപ്റ്റോ കറൻസി എക്സേഞ്ചായ ബൈനാൻസിൻ്റെ സിഇഒ ആയ ഷാങ്പെങ് ഷാവോ മാത്രമാണ്. 112 ബില്യനാണ് ഷാവോയുടെ ആസ്തി. ബിൽ ഗേറ്റ്സിനെയും മറികടന്ന് പട്ടികയിൽ 17ആം സ്ഥാനത്താണ് ഷാവോ. കഴിഞ്ഞ വർഷം നേരിട്ട നിരവധി വിവാദങ്ങൾക്കിടയിലും, 49 വയസ്സുകാരനായ അദ്ദേഹം തൻ്റെ ആസ്തി ഏകദേശം ഇരട്ടിയായി വർധിപ്പിച്ചു.

പട്ടികയിൽ ഉള്ളവരുടെ ആകെ ആസ്തി റെക്കോർഡ് തുകയായ 20.1 ട്രില്യൺ ഡോളറിലെത്തി; കഴിഞ്ഞ വർഷത്തേക്കാൾ നാല് ട്രില്യൺ ഡോളറിൻ്റെ വർധനവാണിത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മേഖലയിലെ അവിശ്വസനീയമായ വളർച്ചയും ഓഹരി വിപണിയിലെ കുതിച്ചുചാട്ടവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. 839 ബില്യൺ ഡോളർ ആസ്തിയുള്ള ഇലോൺ മസ്ക് തന്നെയാണ് പട്ടികയിൽ ഒന്നാമത്. 2025-നെ അപേക്ഷിച്ച് അദ്ദേഹത്തിൻ്റെ സമ്പത്ത് ഏകദേശം മൂന്നിരട്ടിയായാണ് വർധിച്ചത്. ജെഫ് ബെസോസ്, മാർക്ക് സക്കർബർഗ് എന്നിവരും ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചു. 

നിയമപരമായ വെല്ലുവിളികൾക്കിടയിലും ക്രിപ്റ്റോ കറൻസി എക്സേഞ്ചായ ബൈനാൻസിൻ്റെ സിഇഒ ആയ ഷാങ്പെങ് ഷാവോ കൈവരിച്ച ഈ നേട്ടം ശ്രദ്ധേയമാണ്. 2023-ൽ ബിനാൻസിലെ പണമിടപാട് നിയന്ത്രണങ്ങളിലെ വീഴ്ചയെത്തുടർന്ന് അദ്ദേഹത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിരുന്നു. എന്നാൽ 2024-ൽ ജയിൽമോചിതനായ അദ്ദേഹത്തിന് പിന്നീട് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മാപ്പ് നൽകി. ചൈനയിൽ ജനിച്ച് 1980-കളിൽ കാനഡയിലേക്ക് കുടിയേറിയ ഷാവോ, മക്ഗിൽ യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ശേഷമാണ് ബൈനാൻസിനെ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ എക്സ്ചേഞ്ചായി വളർത്തിയെടുത്തത്.