പി പി ചെറിയാന്‍
വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനം അഞ്ച് ആഴ്ചയായി സ്തംഭിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍, വിമാനത്താവളങ്ങളില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാരെ വിന്യസിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഡെമോക്രാറ്റുകള്‍ ഫണ്ടിംഗ് ബില്ലിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ ഈ നീക്കം ആരംഭിക്കുമെന്നാണ് ഭീഷണി.
വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അനധികൃത കുടിയേറ്റക്കാരെ ഉടനടി അറസ്റ്റ് ചെയ്യാനും 'ഐസ്' ഏജന്റുമാരോട് സജ്ജരാകാന്‍ ട്രംപ് ഉത്തരവിട്ടു. പ്രത്യേകിച്ചും സൊമാലിയയില്‍ നിന്നുള്ള കുടിയേറ്റക്കാരെ കര്‍ശനമായി നേരിടുമെന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.
ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കുന്ന രീതിയില്‍ മാറ്റം വരുത്താതെ ഉഒട ഫണ്ടിംഗിന് പച്ചക്കൊടി കാട്ടില്ലെന്ന നിലപാടിലാണ് ഡെമോക്രാറ്റുകള്‍. ഏജന്റുമാര്‍ മുഖംമൂടി ധരിക്കുന്നത് നിരോധിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കന്‍മാര്‍ തള്ളിയതാണ് നിലവിലെ തടസ്സം.
ടി.എസ്.എ ജീവനക്കാരുടെ കുറവ് കാരണം വിമാനത്താവളങ്ങളില്‍ ഇതിനോടകം തന്നെ തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. ഇമിഗ്രേഷന്‍ ഏജന്റുമാര്‍ കൂടി എത്തുന്നതോടെ വിമാനത്താവള നടപടികള്‍ താറുമാറാകുമെന്ന് ആശങ്കയുണ്ട്.
വിമാനത്താവളങ്ങളില്‍ ജനങ്ങളെ ദ്രോഹിക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സെനറ്റര്‍ പാറ്റി മുറെ പരിഹസിച്ചു. ഐസ് ഏജന്റുമാര്‍ക്ക് അനിയന്ത്രിതമായ അധികാരം നല്‍കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി.
DHS തലവനായി മാര്‍ക്ക്വെയ്ന്‍ മുള്ളിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ വിവാദ നീക്കം.