പി പി ചെറിയാന്‍
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജനപ്രീതി എക്കാലത്തെയും താഴ്ന്ന നിലയിലെന്ന് പുതിയ സര്‍വേ ഫലങ്ങള്‍. ഇറാന്‍ യുദ്ധം നീണ്ടുപോകുന്നതും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുമാണ് ട്രംപിന് തിരിച്ചടിയാകുന്നത്.
ലേറ്റസ്റ്റ് സര്‍വേ പ്രകാരം ട്രംപിന്റെ അംഗീകാരം 42 ശതമാനമായി കുറഞ്ഞു. ജനുവരിയില്‍ ഇത് 48 ശതമാനമായിരുന്നു. ഇറാന്‍ യുദ്ധം ആരംഭിച്ച മാര്‍ച്ചില്‍ ഇത് 44 ശതമാനമായിരുന്നു.
ഭരണകൂടം പ്രതീക്ഷിച്ചതിലും അധികമായി യുദ്ധം നീണ്ടുപോകുന്നത് ജനങ്ങള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കുന്നു. യുദ്ധത്തില്‍ ഇതുവരെ 7 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇസ്രായേലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യുദ്ധം തുടങ്ങിയതെന്ന് ആരോപിച്ച് നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ ഡയറക്ടര്‍ ജോ കെന്റ് ഈ ആഴ്ച രാജിവെച്ചിരുന്നു.
യുദ്ധം കാരണം ഇന്ധനവില കുത്തനെ ഉയരുകയും ഇത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്തു. അമേരിക്കക്കാരുടെ ക്രെഡിറ്റ് കാര്‍ഡ് കടം റെക്കോര്‍ഡ് തുകയായ 1.2 ട്രില്യണ്‍ ഡോളറില്‍ എത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ട്രംപിന്റെ അടുത്ത അനുയായിയായിരുന്ന മുന്‍ കോണ്‍ഗ്രസ് അംഗം മാര്‍ജോറി ടെയ്ലര്‍ ഗ്രീന്‍ പോലും യുദ്ധത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തി. കൂടാതെ യുകെ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ സഖ്യകക്ഷികളും യുദ്ധത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചു.