പി പി ചെറിയാന്‍
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മാംദാനിയുടെ പുതിയ ചൈല്‍ഡ് കെയര്‍ നയങ്ങളെത്തുടര്‍ന്ന് നഗരത്തിലെ പ്രശസ്തമായ സ്വകാര്യ പ്രീ-സ്‌കൂളുകള്‍ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ചു. മന്‍ഹാട്ടന്‍ സ്‌കൂള്‍ഹൗസ് (Manhattan Schoolhouse) പോലുള്ള സ്ഥാപനങ്ങളില്‍ വാര്‍ഷിക ഫീസ് ഇപ്പോള്‍ 36,000 ഡോളര്‍ (ഏകദേശം 30 ലക്ഷം രൂപ) ആയി ഉയര്‍ന്നിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം വര്‍ദ്ധനവാണ് ഉണ്ടായത്. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയുള്ള പ്രോഗ്രാമിന് പ്രതിമാസം 4,000 ഡോളറോളം (ഏകദേശം 3.3 ലക്ഷം രൂപ) നല്‍കണം.
സര്‍ക്കാര്‍ നടപ്പിലാക്കുന്ന സൗജന്യ പ്രീ-കെ (Pre-K) പദ്ധതികളിലെ അധ്യാപകര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്നതിനാല്‍, മികച്ച അധ്യാപകരെ നിലനിര്‍ത്താന്‍ സ്വകാര്യ സ്‌കൂളുകള്‍ക്കും ശമ്പളം വര്‍ദ്ധിപ്പിക്കേണ്ടി വരുന്നു. ഇതാണ് ഫീസ് കൂടാന്‍ പ്രധാന കാരണമായി സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
ഫീസ് വര്‍ദ്ധനവിനെതിരെ നൂറോളം കുടുംബങ്ങള്‍ ഒപ്പിട്ട നിവേദനം നല്‍കിയെങ്കിലും ഫീസില്‍ നേരിയ കുറവ് മാത്രമാണ് സ്‌കൂള്‍ വരുത്തിയത്.
എല്ലാവര്‍ക്കും സൗജന്യ ചൈല്‍ഡ് കെയര്‍ ലഭ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മേയര്‍ മാംദാനി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ 2,000-ത്തിലധികം സൗജന്യ സീറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അപ്പര്‍ ഈസ്റ്റ് സൈഡ് പോലുള്ള ചില പ്രദേശങ്ങളില്‍ ഈ ആനുകൂല്യം ലഭ്യമല്ലാത്തതാണ് രക്ഷിതാക്കളെ വലയ്ക്കുന്നത്.
നിലവില്‍ ന്യൂയോര്‍ക്കിലെ കുട്ടികളെ വളര്‍ത്തുന്നതിനുള്ള ചെലവ് സാധാരണ കുടുംബങ്ങള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.