എണ്ണവില കുറയ്ക്കാന്‍ ഇറാനുമേലുള്ള ഉപരോധത്തില്‍ ഇളവ് വരുത്തി ട്രംപ് ഭരണകൂടം

By: 600002 On: Mar 21, 2026, 10:03 AM



 

പി പി ചെറിയാന്‍ 

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലില്‍ കപ്പലുകളില്‍ സൂക്ഷിച്ചിരിക്കുന്ന ഇറാനിയന്‍ എണ്ണ വാങ്ങുന്നതിന് അമേരിക്ക താല്‍ക്കാലിക അനുമതി നല്‍കി. ഇറാനുമായുള്ള യുദ്ധ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശനമായ ഉപരോധങ്ങള്‍ക്കാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ ഭാഗിക ഇളവ് നല്‍കിയിരിക്കുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ വരെ കപ്പലുകളില്‍ കയറ്റിയ ഇറാനിയന്‍ എണ്ണ വാങ്ങാനാണ് അനുമതി. ഏപ്രില്‍ 19 വരെ ഈ ഇളവ് തുടരും.

വിപണിയില്‍ എണ്ണലഭ്യത വര്‍ദ്ധിപ്പിച്ച് വില കുറയ്ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ചൈന കുറഞ്ഞ വിലയ്ക്ക് ഈ എണ്ണ കൈക്കലാക്കുന്നത് തടയാനും ഇതിലൂടെ സാധിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പറഞ്ഞു.

ഇളവ് നല്‍കിയെങ്കിലും ഇറാനുമേലുള്ള സാമ്പത്തിക സമ്മര്‍ദ്ദം തുടരുമെന്നും വില്‍പനയിലൂടെ ലഭിക്കുന്ന തുക ഇറാനു എളുപ്പത്തില്‍ ലഭ്യമാകില്ലെന്നും അമേരിക്ക വ്യക്തമാക്കി.

റഷ്യന്‍ എണ്ണയ്ക്കും സമാനമായ ഇളവ് കഴിഞ്ഞ ആഴ്ച നല്‍കിയിരുന്നു. ട്രംപിന്റെ ഈ നീക്കങ്ങള്‍ ശത്രുരാജ്യങ്ങളെ സാമ്പത്തികമായി സഹായിക്കുമെന്ന് ആരോപിച്ച് ഡെമോക്രാറ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം കാരണം എണ്ണനീക്കം തടസ്സപ്പെട്ടതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം. ഇതിനെ മറികടക്കാന്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് എണ്ണ പുറത്തെടുക്കുന്നതടക്കമുള്ള നടപടികള്‍ അമേരിക്ക സ്വീകരിച്ചു വരികയാണ്.