പി പി ചെറിയാന്‍
വെര്‍മോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ ഞെട്ടിക്കുന്നു. തന്നെ ഒരു മണിക്കൂറോളം ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ച പിതാവിനോട് താന്‍ ക്ഷമിച്ചതായും ബ്രിട്ടാനി വെളിപ്പെടുത്തി.
സെപ്റ്റംബര്‍ 19-ന് പുലര്‍ച്ചെയാണ് ഉറങ്ങിക്കിടന്ന ബ്രിട്ടാനിയെ പിതാവ് റോഡ്നി ഡേവിസ് (62) ആക്രമിച്ചത്. താന്‍ നിര്‍മ്മിച്ച ഒരു പ്രത്യേക വധശിക്ഷാ ഉപകരണം (Handmade execution device) ഉപയോഗിച്ച് ഒരു മണിക്കൂറോളം അദ്ദേഹം മകളെ ശ്വാസം മുട്ടിച്ചു.
രക്ഷയില്ലെന്ന് കണ്ടപ്പോള്‍ ബ്രിട്ടാനി മരിച്ചതുപോലെ അഭിനയിച്ചു. മരിച്ചെന്നു കരുതിയ റോഡ്നി, മൃതദേഹം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന കുഴിമാടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി വനത്തില്‍ ഉപേക്ഷിച്ചു.
ബോധം തെളിഞ്ഞ ബ്രിട്ടാനി അയല്‍വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. ഇതിനിടെ വീട്ടിലെത്തിയ റോഡ്നി, താന്‍ മകളെ കൊന്ന വിവരം പേരക്കുട്ടിയോട് വെളിപ്പെടുത്തി. തുടര്‍ന്ന് തോക്കുമായി വനത്തിലേക്ക് ഓടിപ്പോയ ഇയാള്‍ 18 ദിവസത്തിന് ശേഷം സ്വയം ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
'എന്റെ മക്കളുടെ നല്ല ഭാവിക്ക് വേണ്ടി എനിക്ക് അദ്ദേഹത്തോട് ക്ഷമിച്ചേ മതിയാകൂ,' ബ്രിട്ടാനി പറയുന്നു. തന്റെ ഉറ്റ സുഹൃത്തായിരുന്ന പിതാവ് എന്തിനാണ് ഇത് ചെയ്തതെന്ന് ഇപ്പോഴും ഈ മകള്‍ക്ക് അറിയില്ല.
രോഗബാധിതയായ മകളോട് കഴിഞ്ഞ കുറച്ചുനാളുകളായി റോഡ്നി പ്രകോപിതനായി പെരുമാറിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.