പ്രമുഖ ബ്രാൻഡായ ഫ്രിജിഡയറിൻ്റെ ആയിരക്കണക്കിന് ഗ്യാസ് റേഞ്ചുകൾ കാനഡയിലുടനീളം തിരിച്ചുവിളിക്കുന്നു . അടുപ്പിലെ ബേക്ക് ബർണറുകൾ കത്താൻ വൈകുന്നത് മൂലം പെട്ടെന്നുണ്ടാകുന്ന തീ ഗുരുതരമായ പൊള്ളലേൽപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഹെൽത്ത് കാനഡ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. കാനഡയിൽ ഒരാൾക്കും അമേരിക്കയിൽ മുപ്പതോളം പേർക്കും പൊള്ളലേറ്റതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇലക്ട്രോലക്സ് ഗ്രൂപ്പ് തിരിച്ചു വിളിക്കൽ നടപടി അടിയന്തരമായി സ്വീകരിച്ചത്.
ഗ്യാസ് റേഞ്ചിൻ്റെ ഓവന് താഴെയുള്ള ഡ്രോയറിൽ നൽകിയിരിക്കുന്ന സീരിയൽ നമ്പറുകൾ പരിശോധിച്ച് ഇവ തിരിച്ചുവിളിച്ച പട്ടികയിൽ ഉള്ളതാണോ എന്ന് ഉറപ്പുവരുത്താൻ അധികൃതർ നിർദ്ദേശിച്ചു. തിരിച്ചുവിളിച്ച മോഡലുകൾ കൈവശമുള്ളവർ ഓവനുകളുടെ ഉപയോഗം ഉടനടി നിർത്തണം. എന്നാൽ മുകളിലെ കുക്ക്‌ടോപ്പ് ബർണറുകൾ സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ്. കമ്പനി പ്രതിനിധികൾ വീടുകളിലെത്തി പുതിയ ബേക്ക് ബർണറുകൾ സൗജന്യമായി സ്ഥാപിച്ചു നൽകുന്നതുവരെ ഓവൻ ഉപയോഗിക്കരുതെന്നാണ് നിർദ്ദേശം.
ഇതിനുപുറമെ, ടിം ഹോർട്ടൺസ് മഗ്ഗുകളും ഭക്ഷ്യസുരക്ഷാ കാരണങ്ങളാൽ കോസ്റ്റ്കോയിലെ ചില ഭക്ഷ്യ ഉൽപ്പന്നങ്ങളും കാനഡയിൽ തിരിച്ചുവിളിച്ചിട്ടുണ്ട്. ഇത്തരം ഉപകരണങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ ഹെൽത്ത് കാനഡയുടെ വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു..