ആൽബർട്ട ആരോഗ്യ അഴിമതിക്കേസ്: എം.എച്ച് കെയർ മെഡിക്കൽ ഓഫീസുകളിൽ ആർ.സി.എം.പി റെയ്ഡ്

By: 600110 On: Mar 21, 2026, 8:21 AM

ആൽബർട്ടയിലെ ആരോഗ്യമേഖലയിലെ കരാറുകളുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടർന്ന് പ്രമുഖ മെഡിക്കൽ സപ്ലൈ കമ്പനിയായ എം.എച്ച് കെയർ മെഡിക്കൽ  ഓഫീസുകളിൽ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് പരിശോധന നടത്തി. എഡ്മൻ്റണിലെ കമ്പനി ആസ്ഥാനത്ത് ബുധനാഴ്ചയായിരുന്നു റെയ്ഡ്.

ആൽബർട്ട ഹെൽത്ത് സർവീസസുമായി (AHS) ബന്ധപ്പെട്ട് 2025 ഫെബ്രുവരിയിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. സർജിക്കൽ കരാറുകൾ നൽകിയതിലെ ക്രമക്കേടുകൾ തുടങ്ങിയവയുമായി  ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് ഒന്നിലധികം സെർച്ച് വാറൻ്റുകൾ നടപ്പിലാക്കിയത്. കമ്പനി ഉടമ സാം മറെയ്ഷും ആൽബർട്ട സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് അന്വേഷണത്തിൽ പ്രധാനമായും വരുന്നത്. 2022-ലെ മരുന്ന് ക്ഷാമത്തിനിടെ കുട്ടികൾക്കുള്ള ടൈലനോൾ (Tylenol) ഇറക്കുമതി ചെയ്യാൻ 70 ദശലക്ഷം ഡോളറിൻ്റെ കരാർ ഈ കമ്പനിക്ക് ലഭിച്ചിരുന്നു. എന്നാൽ പണം മുൻകൂട്ടി നൽകിയിട്ടും പകുതി മരുന്ന് പോലും ലഭിച്ചില്ല. എത്തിച്ച മരുന്നുകൾ തന്നെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവ ആണെന്ന് കണ്ടെത്തി ഉപേക്ഷിക്കേണ്ടി വന്നതായും ആരോപണമുണ്ട്.

സ്വകാര്യ ആശുപത്രികളിൽ ഇരട്ടിയിലധികം തുകയ്ക്ക് ശസ്ത്രക്രിയ കരാറുകൾ നൽകിയതിലും രാഷ്ട്രീയ ഇടപെടലുകൾ നടന്നതായി ആൽബർട്ട ഹെൽത്ത് സർവീസസ് മുൻ മേധാവി അത്താന മെൻസെലോപൗലോസ് നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ സർക്കാർ ഈ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്