ലോകമെമ്പാടും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തരംഗം ആഞ്ഞടിക്കുമ്പോൾ, അത് സാധാരണക്കാരായ തൊഴിലാളികൾക്ക് വൻതോതിൽ ഗുണകരമാകുമെന്ന് എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസനമാണ് എ.ഐ മേഖലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്ന് ഹുവാങ് ചൂണ്ടിക്കാട്ടി. വൈറ്റ് കോളർ ജോലികളിൽ പിരിച്ചുവിടലുകൾ തുടരുമ്പോഴും, നിർമ്മാണ മേഖലയിലും സാങ്കേതിക ജോലികളിലും ഏർപ്പെട്ടിരിക്കുന്നവർക്ക് ഇത് സുവർണ്ണാവസരമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എ.ഐ ഡാറ്റാ സെൻ്ററുകളുടെയും ചിപ്പ് ഫാക്ടറികളുടെയും നിർമ്മാണത്തിനായി ലോകമെമ്പാടും വൻതോതിൽ നിക്ഷേപം നടക്കുന്നുണ്ട്. ഇത് പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, കൺസ്ട്രക്ഷൻ തൊഴിലാളികൾ, സ്റ്റീൽ തൊഴിലാളികൾ എന്നിവർക്ക് വൻ ഡിമാൻഡ് സൃഷ്ടിക്കും. ഈ മേഖലയിലുള്ളവർക്ക് ലക്ഷക്കണക്കിന് രൂപ ശമ്പളമായി ലഭിക്കുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം പറഞ്ഞു.
എ.ഐയുടെ ഗുണഫലങ്ങൾ ലഭിക്കാൻ എല്ലാവരും കമ്പ്യൂട്ടർ വിദഗ്ധരോ പി.എച്ച്.ഡി ബിരുദധാരികളോ ആകണമെന്നില്ല. പ്രായോഗികമായ തൊഴിൽ നൈപുണ്യമുള്ളവർക്കും മികച്ച ജീവിതസാഹചര്യം ഉറപ്പാക്കാൻ ഈ സാങ്കേതിക മുന്നേറ്റം സഹായിക്കും. എ.ഐ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും വൻതോതിൽ നെറ്റ്‌വർക്ക് ടെക്നീഷ്യൻമാരുടെ സേവനവും ആവശ്യമായി വരും.
2025-ൻ്റെ തുടക്കത്തിൽ ആമസോൺ, സെയിൽസ്‌ഫോഴ്‌സ് തുടങ്ങിയ വൻകിട കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ, എ.ഐ ജോലികൾ ഇല്ലാതാക്കുക മാത്രമല്ല, തികച്ചും പ്രായോഗികമായ പുതിയ തൊഴിൽ മേഖലകൾ തുറന്നു നൽകുകയുമാണ് ചെയ്യുന്നതെന്ന് ഹുവാങ് വ്യക്തമാക്കി. ഓട്ടോമേഷനെ ഭയപ്പെടുന്ന തൊഴിലാളികൾക്ക് വലിയ ആശ്വാസവും പ്രതീക്ഷയും നൽകുന്നതാണ് ജെൻസൻ ഹുവാങ്ങിൻ്റെ ഈ വാക്കുകൾ.