വാൻകൂവറിൽ വയോധികയുടെ ബാഗ് തട്ടിപ്പറിച്ച പ്രതിയെ ധീരമായി കീഴ്പ്പെടുത്തി വഴിയാത്രക്കാരൻ

By: 600110 On: Mar 21, 2026, 5:50 AM

'വാക്കർ' ഉപയോഗിച്ച് വഴിയിലൂടെ പോവുകയായിരുന്ന 59 വയസ്സുകാരിയെ അക്രമിച്ച് ബാഗ് തട്ടിപ്പറിച്ച 41-കാരനെ വാൻകൂവർ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം വാൻകൂവറിലെ ഫെയർവ്യൂ മേഖലയിലായിരുന്നു സംഭവം. അക്രമിയെ ധീരമായി നേരിട്ട ഒരു വഴിയാത്രക്കാരൻ്റെ ഇടപെടലാണ് പ്രതിയെ ഉടൻ വലയിലാക്കാൻ പോലീസിനെ സഹായിച്ചത്.

വെസ്റ്റ് എയ്ത്ത് അവന്യൂവിലൂടെ നടന്നുപോവുകയായിരുന്ന വയോധികയെ പ്രതി ബ്രാൻഡൻ കോർമാക് അക്രമിക്കുകയും ബാഗ് തട്ടിപ്പറിച്ചോടുകയുമായിരുന്നു. തള്ളലിൽ നിലത്തുവീണ വയോധികയ്ക്ക് നിസ്സാര പരിക്കേറ്റു. ഈ സമയം കാറിൽ വരികയായിരുന്ന ഒരാൾ സംഭവം കാണുകയും ഉടൻ വാഹനം നിർത്തി പ്രതിയെ പിന്തുടരുകയും ചെയ്തു.

സമീപത്തെ കെട്ടിട സമുച്ചയത്തിനുള്ളിലേക്ക് ഓടിക്കയറിയ പ്രതിയെ തടഞ്ഞപ്പോൾ, അയാൾ കത്തി കാട്ടി വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി. എന്നാൽ ഭയപ്പെടാതെ ഇദ്ദേഹം പ്രതിരോധിച്ചതോടെ ബാഗ് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെട്ടു. ഉടൻ തന്നെ ഇദ്ദേഹം ബാഗ് വയോധികയ്ക്ക് തിരികെ നൽകുകയും പോലീസിനെ വിളിച്ച് പ്രതിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുകയും ചെയ്തു.

സാക്ഷി നൽകിയ അടയാളങ്ങൾ വെച്ച് നടത്തിയ തിരച്ചിലിൽ, മിനിറ്റുകൾക്കുള്ളിൽ തന്നെ കടൽത്തീരത്തിന് സമീപം വെച്ച് പോലീസ് പ്രതിയെ പിടികൂടി. ആപൽഘട്ടത്തിൽ ഭയപ്പെടാതെ വയോധികയെ സഹായിക്കാൻ മുന്നോട്ടുവന്ന  അപരിചിതനെ വാൻകൂവർ പോലീസ് അഭിനന്ദിച്ചു. അപകടകരമായ ആയുധം കൈവശം വെച്ചതടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.