ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് വാൻകൂവർ; തുടർച്ചയായ 15-ാം വർഷവും വടക്കേ അമേരിക്കയിൽ ഒന്നാം സ്ഥാനം

By: 600110 On: Mar 21, 2026, 5:31 AM

വിമാനയാത്രക്കാരുടെ പ്രിയപ്പെട്ട വിമാനത്താവളത്തിനുള്ള പുരസ്കാരം തുടർച്ചയായ 15-ാം വർഷവും വാൻകൂവർ അന്താരാഷ്ട്ര വിമാനത്താവളം സ്വന്തമാക്കി. വ്യോമയാന മേഖലയിലെ 'ഓസ്കാർ' എന്നറിയപ്പെടുന്ന സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്‌സിലാണ് വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച വിമാനത്താവളമായി വാൻകൂവർ തിരഞ്ഞെടുക്കപ്പെട്ടത്.

പ്രാദേശിക തലത്തിൽ മാത്രമല്ല, ആഗോളതലത്തിലും വാൻകൂവർ വിമാനത്താവളം വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. 2026-ലെ ആഗോള റാങ്കിംഗിൽ പത്താം സ്ഥാനത്തെത്താൻ വാൻകൂവറിനായി. കഴിഞ്ഞ വർഷം പതിമൂന്നാം സ്ഥാനത്തായിരുന്ന വിമാനത്താവളം, 2024-ൽ പതിനേഴാം സ്ഥാനത്തായിരുന്നു. കോവിഡ് കാലഘട്ടത്തിന് ശേഷം വാൻകൂവർ വിമാനത്താവളം നടത്തുന്ന ഈ കുതിപ്പ് ശ്രദ്ധേയമാണ്.

ലോകമെമ്പാടുമുള്ള 1.3 കോടിയിലധികം യാത്രക്കാർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ പുരസ്കാരങ്ങൾ നിർണ്ണയിക്കുന്നത്. വിമാനത്താവളത്തിൻ്റെ കാര്യക്ഷമത, യാത്രക്കാർക്ക് ലഭിക്കുന്ന സേവനങ്ങൾ, സൗകര്യങ്ങൾ എന്നിവയാണ് വാൻകൂവറിനെ മുൻനിരയിൽ എത്തിച്ചത്. കേവലം ഒരു യാത്രാകേന്ദ്രം എന്നതിലുപരി, വടക്കേ അമേരിക്കയിലെ തദ്ദേശീയ കലകളുടെയും സംസ്കാരത്തിൻ്റെയും പ്രദർശനശാല കൂടിയാണ് വാൻകൂവർ വിമാനത്താവളം. 

1.14 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന ഭീമൻ അക്വേറിയമാണ് മറ്റൊരു പ്രധാന സവിശേഷത . അയ്യായിരത്തോളം കടൽജീവികളും കടൽസസ്യങ്ങളും നിറഞ്ഞ ഈ അക്വേറിയം വിമാനത്താവളത്തിന് പ്രകൃതിദത്തമായ ഭംഗി നൽകുന്നു. കാര്യക്ഷമതയും സൗന്ദര്യവും ഒരുപോലെ ഒത്തുചേരുന്ന ഇടമാണ് വാൻകൂവർ വിമാനത്താവളമെന്ന് യാത്രക്കാരും സാക്ഷ്യപ്പെടുത്തുന്നു.