ആൽബർട്ടയിലെ ഹൈവേയിൽ ഇന്ത്യൻ യുവാവ് വെടിയേറ്റു മരിച്ച സംഭവം: വിദ്വേഷ കുറ്റകൃത്യമായി അന്വേഷിക്കണമെന്ന് സിഖ് സംഘടന

By: 600110 On: Mar 20, 2026, 1:59 PM

കാനഡയിലെ ആൽബർട്ടയിൽ ലെഡൂക്കിന് സമീപം ഹൈവേയിൽ 22 വയസ്സുള്ള ഇന്ത്യൻ യുവാവ് വെടിയേറ്റു മരിച്ച സംഭവം വിദ്വേഷ കുറ്റകൃത്യമായി അന്വേഷിക്കണമെന്ന് വേൾഡ് സിഖ് ഓർഗനൈസേഷൻ (WSO). മൂന്ന് വർഷം മുമ്പ് ഇന്ത്യയിൽ നിന്ന് കാനഡയിലെത്തിയ ബിരീന്ദർ സിംഗ് എന്ന യുവാവാണ് മാർച്ച് 14-ന് കൊല്ലപ്പെട്ടത്. ഇതൊരു സാധാരണ കൊലപാതകമല്ലെന്നും കുടിയേറ്റക്കാർക്കെതിരെയുള്ള വിദ്വേഷമാകാം ഇതിന് പിന്നിലെന്നും ഡബ്ല്യു.എസ്.ഒ ഒൻ്റാരിയോ റീജിയണൽ പ്രസിഡൻ്റ് ജസ്പ്രീത് സിംഗ് പറഞ്ഞു.  

മറ്റ് പ്രകോപനങ്ങൾ ഒന്നും ഇല്ലാതെയാണ് പിക്കപ്പ് ട്രക്കിലെ യാത്രക്കാരൻ ബിരീന്ദറിന് നേരെ വെടിയുതിർത്തത്. വെടിയേൽക്കുമ്പോൾ ബിരീന്ദറിനൊപ്പം കാറിൽ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. ആക്രമണം വംശീയ വിവേചനത്തിൻ്റെ ഭാഗമാണെന്ന് ഇവർ സംശയം പ്രകടിപ്പിച്ചു.  കഴുത്തിന് വെടിയേറ്റ ബിരീന്ദർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കാനഡയിൽ അടുത്ത കാലത്തായി ഏഷ്യൻ വംശജർക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-25 കാലയളവിലെ കണക്കുകൾ പ്രകാരം കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വിദ്വേഷ കുറ്റകൃത്യങ്ങളിൽ 20 ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്, ഇതിൽ പകുതിയിലധികവും വംശീയ വിദ്വേഷം മൂലമാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ വ്യക്തമാക്കുന്നു.