ടൊറൻ്റോ ഇസ്‌ലാമിക് സെൻ്ററിന് നേരെ ആക്രമണം; സുരക്ഷയ്ക്കായി 'ബഡ്ഡി സിസ്റ്റം' ഏർപ്പെടുത്തി

By: 600110 On: Mar 20, 2026, 1:20 PM

നഗരത്തിലെ ഇസ്‌ലാമിക് സെൻ്ററിന് നേരെ തുടർച്ചയായുണ്ടാകുന്ന ഇസ്‌ലാമോഫോബിക് ആക്രമണങ്ങളെത്തുടർന്ന് വിശ്വാസികളുടെ സുരക്ഷയ്ക്കായി 'ബഡ്ഡി സിസ്റ്റം' നടപ്പിലാക്കി. റമദാൻ മാസത്തിൽ പള്ളിക്കടുത്തുവെച്ച് വിശ്വാസികൾക്ക് നേരെ രണ്ട് വ്യത്യസ്ത ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ശനിയാഴ്ച അർദ്ധരാത്രിയോടെ പ്രാർത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിലെ 13 വയസ്സുകാരനെ അക്രമി മർദ്ദിച്ചതാണ് ഇതിൽ ഏറ്റവും ഗൗരവകരമായ സംഭവം. തൊട്ടുടുത്ത ദിവസം മറ്റൊരു വിശ്വാസിക്കും സമാനമായ രീതിയിൽ മർദ്ദനമേറ്റിരുന്നു. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് നടക്കാൻ ഭയപ്പെടുന്നവർക്ക് കൂട്ടിനായി പള്ളിയിൽ നിന്നുള്ള ആളുകളെ അയക്കുന്നതാണ് പുതിയ സുരക്ഷാ പദ്ധതി.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ടൊറൻ്റോയിലെ 53-ാം ഡിവിഷൻ പോലീസ് പള്ളിയിലെത്തി വിശ്വാസികൾക്ക് സുരക്ഷാ ഉറപ്പ് നൽകുകയും മേഖലയിൽ പട്രോളിംഗ് ശക്തമാക്കുകയും ചെയ്തു. കാനഡയിലുടനീളം ഇസ്‌ലാമോഫോബിക് ആക്രമണങ്ങൾ വർധിച്ചുവരുന്നത് അത്യന്തം ആശങ്കാജനകമാണെന്ന് നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ് (NCCM) പ്രസ്താവനയിൽ അറിയിച്ചു. ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങളെ ശക്തമായി അപലപിക്കണമെന്നും ഭരണകൂടം കർശന നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മുസ്ലിം വിരുദ്ധ വിദ്വേഷം വർധിക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും ഏത് ചെറിയ അനിഷ്ട സംഭവവും പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ നിർദ്ദേശിച്ചു.