കുവൈറ്റിലെ കനേഡിയൻ സൈനിക ക്യാമ്പിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തെക്കുറിച്ച് പ്രതിരോധ മന്ത്രി ഡേവിഡ് മക്ഗ്വിന്റി നടത്തിയ പ്രസ്താവന വിവാദമാകുന്നു. മാർച്ചിൽ നടന്ന ആക്രമണത്തെക്കുറിച്ച് 'ലാ പ്രസ്' എന്ന പത്രം റിപ്പോർട്ട് ചെയ്തപ്പോഴാണ് താൻ ആദ്യമായി അറിഞ്ഞതെന്ന മുൻ പ്രസ്താവന മന്ത്രി തിരുത്തി. പത്രവാർത്തയിലൂടെയല്ല, മറിച്ച് സർക്കാർ ഉദ്യോഗസ്ഥർ നൽകിയ ഔദ്യോഗിക ബ്രീഫിംഗിലൂടെയാണ് ആക്രമണ വിവരം താൻ ആദ്യം അറിഞ്ഞതെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.
കിച്ച്നറിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി, പത്രവാർത്ത കണ്ടപ്പോഴാണ് വിവരമറിഞ്ഞതെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചതോടെയാണ് തിരുത്തലുമായി അദ്ദേഹം രംഗത്തെത്തിയത്. ക്യൂബെക്ക് പത്രമായ 'ലാ പ്രസ്' മാർച്ച് 12-നാണ് കുവൈറ്റിലെ അലി അൽ-സലേം എയർബേസിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തത്. സാറ്റലൈറ്റ് ചിത്രങ്ങൾ വിശകലനം ചെയ്തായിരുന്നു റിപ്പോർട്ട്. തനിക്ക് കൃത്യമായ ഇടവേളകളിൽ സുരക്ഷാ ബ്രീഫിംഗുകൾ ലഭിക്കാറുണ്ടെന്നും, ലോകമെമ്പാടുമുള്ള കനേഡിയൻ സൈനികരുടെ സുരക്ഷയെ ബാധിക്കുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ അപ്പപ്പോൾ തന്നെ അറിയിക്കാറുണ്ടെന്നും മന്ത്രി പുതിയ പ്രസ്താവനയിൽ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ താൻ ഉദ്ദേശിച്ചത് മാധ്യമ റിപ്പോർട്ടുകളെക്കുറിച്ചാണെന്നും അല്ലാതെ ആക്രമണത്തെക്കുറിച്ചല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കനേഡിയൻ സൈനിക ആസ്തികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവകരമായ വിഷയത്തിൽ മന്ത്രിയുടെ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ പ്രതിപക്ഷത്തിൻ്റെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.