കാനഡക്കാർക്ക് ഫിൻലൻഡിലേക്ക് സൗജന്യ യാത്ര: ‘ചിൽ ലൈക്ക് എ ഫിൻ’ പദ്ധതിയുമായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം

By: 600110 On: Mar 20, 2026, 6:54 AM

 

കാനഡക്കാർക്കായി സൗജന്യ സന്ദർശന അവസരം ഒരുക്കി ഫിൻലൻഡ്. തുടർച്ചയായ ഒൻപതാം വർഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള സ്ഥലമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യമാണ് ഫിൻലൻഡ്, ഈ വാരം പുറത്തിറങ്ങിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ കാനഡ 25-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സാഹചര്യത്തിലാണ്, ഡിജിറ്റൽ സമ്മർദ്ദങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കുന്ന 'ചിൽ ലൈക്ക് എ ഫിൻ' എന്ന സവിശേഷ പദ്ധതിയുമായി ഫിൻലൻഡ് രംഗത്തെത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കാനഡക്കാരുടെ സന്തോഷം കുറയാൻ കാരണമായെന്ന കണ്ടെത്തലിനെത്തുടർന്നാണ് ഈ 'ഡിജിറ്റൽ ഡിറ്റോക്സ്' യാത്ര സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യൂറോപ്പിലെ ഏറ്റവും വലിയ തടാക മേഖലയായ ഫിന്നിഷ് ലേക്‌ലൻഡിൽ ഏഴ് ദിവസം സൗജന്യമായി താമസിക്കാം. 2026 ജൂണിലായിരിക്കും ഈ യാത്ര.  തടാകങ്ങളിൽ നീന്തിത്തുടിച്ചും ഫിന്നിഷ് ശൈലിയിലുള്ള സൗനകളിൽ വിശ്രമിച്ചും വനങ്ങളിലൂടെ നടന്നും പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. യാത്രയിലുടനീളം ഫോണുകൾ മാറ്റി വെച്ച് ഡിജിറ്റൽ ലോകത്തുനിന്ന് പൂർണ്ണമായും വിട്ടുനിൽക്കണമെന്നാണ് നിബന്ധന. പാരമ്പര്യ ഭക്ഷണവും മനോഹരമായ കോട്ടേജ് താമസവും ഈ പാക്കേജിന്റെ ഭാഗമാണ്.

ഇൻസ്റ്റാഗ്രാമിലോ ടിക് ടോക്കിലോ ഒരു ഹ്രസ്വ വീഡിയോ പോസ്റ്റ് ചെയ്താണ് കാനഡക്കാർക്ക് ഈ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. "ഫിൻലൻഡിലെ ഒരു വേനൽക്കാല അവധിക്കാലം നിങ്ങൾ എങ്ങനെയാണ് സങ്കൽപ്പിക്കുന്നത്?" എന്ന ചോദ്യത്തിന് വീഡിയോയിലൂടെ മറുപടി നൽകണം. വീഡിയോയോടൊപ്പം #ChillLikeAFinn എന്ന ഹാഷ്‌ടാഗ് ഉപയോഗിക്കുകയും വിസിറ്റ് ഫിൻലൻഡിന്റെ (Visit Finland) ഔദ്യോഗിക അക്കൗണ്ടുകൾ ടാഗ് ചെയ്യുകയും വേണം. ഇതിനുപുറമെ ഓൺലൈൻ അപേക്ഷാ ഫോമും പൂരിപ്പിക്കേണ്ടതുണ്ട്. ആറ് ജോഡി വിജയികളെയാണ് ഏപ്രിൽ മാസത്തിൽ തിരഞ്ഞെടുക്കുക. ഇനി പറയുന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.https://www.visitfinland.com/en/chill-like-a-finn/