കാനഡയിൽ നികുതി സീസൺ ആരംഭിച്ചതോടെ, ആദ്യമായി വീട് വാങ്ങുന്നവർക്ക് പുതിയ പദ്ധതിയുമായി സർക്കാർ. വീട് വാങ്ങുന്നവർക്ക് 50,000 ഡോളർ വരെ ടാക്സ് റിബേറ്റ് (നികുതി ഇളവ്) നൽകുന്ന പദ്ധതിക്കായി കാനഡ റവന്യൂ ഏജൻസി (CRA) അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. പുതിയതായി നിർമ്മിച്ചതോ അല്ലെങ്കിൽ വലിയ തോതിൽ പുതുക്കിപ്പണിതതോ ആയ വീടുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
ജിഎസ്ടി അല്ലെങ്കിൽ എച്ച്എസ്ടിയുടെ ഫെഡറൽ വിഹിതത്തിലാണ് ഇളവ് അനുവദിക്കുന്നത്. പത്ത് ലക്ഷം ഡോളർ വരെ വിലയുള്ള വീടുകൾക്ക് പൂർണ്ണമായ റിബേറ്റും, പത്ത് ലക്ഷം മുതൽ പതിനഞ്ച് ലക്ഷം ഡോളർ വരെ വിലയുള്ള വീടുകൾക്ക് ഭാഗികമായ റിബേറ്റും ലഭിക്കും.ബിൽഡർമാർക്ക് ഈ റിബേറ്റ് തുക നേരിട്ട് ഉപഭോക്താക്കൾക്ക് കൈമാറാവുന്നതാണ്. ഇത് വീട് വാങ്ങുമ്പോൾ നൽകേണ്ട ആകെ തുക കുറയ്ക്കാൻ സഹായിക്കും. ബിൽഡർ ഇളവ് നൽകിയില്ലെങ്കിൽ, വാങ്ങുന്നവർക്ക് സിആർഎ (CRA) വെബ്സൈറ്റ് വഴി നേരിട്ട് അപേക്ഷ സമർപ്പിക്കാം. സ്വന്തമായി ആദ്യ വീട് നിർമ്മിക്കുന്നവർക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ട്.
2025 മാർച്ച് 20-നും മേയ് 26-നും ഇടയിൽ കരാർ ഒപ്പിട്ടവർക്ക്, വീടിൻ്റെ ഉടമസ്ഥാവകാശം ലഭിക്കുന്ന ദിവസം മുതൽ രണ്ട് വർഷത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സ്വന്തമായി വീട് നിർമ്മിക്കുന്നവർക്ക് പണി പൂർത്തിയായി രണ്ട് വർഷം വരെ സമയമുണ്ട്. അർഹത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സിആർഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഈ പുതിയ പദ്ധതി കാനഡയിലെ സാധാരണക്കാരായ നിരവധി കുടുംബങ്ങൾക്ക് വലിയ തുക ലാഭിക്കാൻ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.