പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് പ്രതിയായ പണം വെളുപ്പിക്കല്‍ കേസില്‍ വിചാരണ പൂര്‍ത്തിയായി. വ്യാഴാഴ്ച ഉച്ചയോടെ കേസ് വിധി പറയാനായി ജൂറിയുടെ പരിഗണനയ്ക്ക് വിട്ടു. വെള്ളിയാഴ്ച രാവിലെ ജൂറി വീണ്ടും യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും.
2018-ല്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടില്‍ നിന്ന് 46,000 ഡോളറിലധികം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും, ഇത് വീട് വാങ്ങാനും വസ്തു നികുതി അടയ്ക്കാനും ഉപയോഗിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.
കെ.പി. ജോര്‍ജ് ഒരു സാമ്പത്തിക വിദഗ്ധനാണെന്നും (Certified Financial Planner), ഇത് അബദ്ധത്തില്‍ പറ്റിയതല്ലെന്നും മറിച്ച് ആസൂത്രിതമായ തട്ടിപ്പാണെന്നും അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ചരണ്‍ തോംസണ്‍ കോടതിയില്‍ പറഞ്ഞു.
ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹത്തെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള നീക്കമാണെന്നും ജോര്‍ജിന്റെ അഭിഭാഷകന്‍ ജാരെഡ് വുഡ്ഫില്‍ വാദിച്ചു. കൃത്യമായ ബാങ്ക് രേഖകളുടെ അഭാവം കേസിനെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം പ്രചാരണത്തിന് എതിരെ വ്യാജ വംശീയ അധിക്ഷേപങ്ങള്‍ ഉണ്ടാക്കിയെന്ന മറ്റൊരു കേസും അദ്ദേഹത്തിനെതിരെയുണ്ട്. ഇതിന്റെ വിചാരണ മെയ് മാസത്തില്‍ നടക്കും.
ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് മാറിയ കെ.പി. ജോര്‍ജിന് കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ വെറും 8.4% വോട്ട് മാത്രമാണ് നേടാനായത്.