ജീവനക്കാരുടെ കുറവ്: ഹാലിഫാക്സ്-കാങ്കൺ വിമാനത്തിൽ നിന്ന് 23 യാത്രക്കാരെ ഒഴിവാക്കി; വെസ്റ്റ് ജെറ്റ് നടപടി വിവാദത്തിൽ

By: 600110 On: Mar 19, 2026, 11:22 AM

ജീവനക്കാരുടെ അപ്രതീക്ഷിത കുറവ് മൂലം ഹാലിഫാക്സിൽ നിന്ന് മെക്സിക്കോയിലെ കാങ്കണിലേക്ക് പുറപ്പെടേണ്ടിയിരുന്ന വെസ്റ്റ് ജെറ്റ് വിമാനത്തിൽ നിന്ന് 23 യാത്രക്കാരെ അവസാന നിമിഷം ഒഴിവാക്കി. ശനിയാഴ്ച രാത്രി ഹാലിഫാക്സ് സ്റ്റാൻഫീൽഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ട്രാൻസ്പോർട്ട് കാനഡയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം ഓരോ 50 യാത്രക്കാർക്കും ഒരു ക്യാബിൻ ക്രൂ അംഗം നിർബന്ധമാണ്. എന്നാൽ വിമാനത്തിൽ ഒരു ജീവനക്കാരൻ്റെ കുറവ് രേഖപ്പെടുത്തിയതോടെ, വിമാനത്തിൻ്റെ യാത്രാശേഷി 173-ൽ നിന്ന് 150 ആയി കുറയ്ക്കാൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു.

വിമാനത്തിൽ നിന്ന് സ്വമേധയാ മാറാൻ തയ്യാറാകുന്നവർക്ക് 900 ഡോളർ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തെങ്കിലും ആരും മുന്നോട്ട് വരാത്തതിനെത്തുടർന്ന് നറുക്കെടുപ്പിലൂടെ  യാത്രക്കാരെ തിരഞ്ഞെടുക്കുകയായിരുന്നു. ഒഴിവാക്കപ്പെട്ടവരിൽ ബെഡ്ഫോർഡ് സ്വദേശിനിയായ ഡോ. എറിൻ ഷെപ്പാർഡും കുടുംബവും ഉൾപ്പെടുന്നു. വിമാനം വൈകിയതിനും യാത്ര തടസ്സപ്പെട്ടതിനും എയർ പാസഞ്ചർ പ്രൊട്ടക്ഷൻ റെഗുലേഷൻസ് (APPR) പ്രകാരം അർഹമായ മുഴുവൻ നഷ്ടപരിഹാരവും ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. സാധാരണഗതിയിൽ മറ്റൊരു ജീവനക്കാരൻ എത്തുന്നത് വരെ വിമാനം വൈകിപ്പിക്കുകയാണ് പതിവെന്നും, യാത്രക്കാരെ ഇത്തരത്തിൽ നിർബന്ധപൂർവ്വം ഒഴിവാക്കുന്നത് അപൂർവമാണെന്നും വ്യോമയാന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.