കാനഡയിലെ യുവാക്കൾക്കിടയിൽ, പ്രത്യേകിച്ച് പെൺകുട്ടികൾക്കിടയിൽ സ്വയം മുറിവേൽപ്പിക്കുന്ന പ്രവണത ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (JAMA) പീഡിയാട്രിക്സിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 2000 മുതൽ 2024 വരെയുള്ള 25 വർഷത്തിനിടയിൽ ഇത്തരം സംഭവങ്ങൾ ഇരട്ടിയിലധികമായി വർധിച്ചു.
24 വയസ്സിൽ താഴെയുള്ളവർക്കിടയിൽ പ്രതിവർഷം ശരാശരി 3.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളിലാണ് ഈ പ്രവണത കൂടുതൽ പ്രകടമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. നടാഷ സോണ്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും അതുവഴി ലഭിക്കുന്ന അമിത വിവരങ്ങളും യുവാക്കളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
വൈകാരിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള ശരിയായ മാർഗങ്ങൾ കുട്ടികൾക്ക് ലഭിക്കാത്തതാണ് പലപ്പോഴും സ്വയം മുറിവേൽപ്പിക്കുന്നതിലേക്ക് നയിക്കുന്നത്. ഇത് ഭാവിയിൽ വിഷാദം, ഉത്കണ്ഠ, മയക്കുമരുന്ന് ഉപയോഗം, ആത്മഹത്യാ പ്രവണത എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കണക്കുകൾ യഥാർത്ഥ അവസ്ഥയുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും, നിരവധി കുട്ടികൾ ചികിത്സ തേടാതെ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.