കാനഡയിൽ ഡീസൽ വില 2022-ന് ശേഷമുള്ള ഉയർന്ന നിരക്കിൽ; ചരക്കുനീക്കവും നിത്യോപയോഗ സാധനങ്ങളുടെ വിലയും വർധിക്കാൻ സാധ്യത

By: 600110 On: Mar 19, 2026, 11:12 AM

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് കാനഡയിലുടനീളം ഡീസൽ വില കുതിച്ചുയരുന്നു. നിലവിലെ കണക്കുകൾ പ്രകാരം ഡീസൽ വിലയിൽ ഏകദേശം 30 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ശരാശരി ഡീസൽ വില ലിറ്ററിന് 2.19 ഡോളറിലെത്തി. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

സാധാരണ പെട്രോളിന്  ശരാശരി 1.75 ഡോളറാണ് വിലയെന്നിരിക്കെ, ഡീസൽ വിലയിലുണ്ടായ ഈ വൻ വർധനവ് ആശങ്കാജനകമാണെന്ന് ഇന്ധന വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ട്രക്കുകൾ, തീവണ്ടികൾ, ചരക്കുക്കപ്പലുകൾ എന്നിവയുടെ പ്രധാന ഇന്ധനമായതിനാൽ ഡീസൽ വില കൂടുന്നത് ചരക്കുനീക്കച്ചെലവ് വർധിക്കാൻ കാരണമാകും. ഇത് ആത്യന്തികമായി നിത്യോപയോഗ സാധനങ്ങളുടെയും സേവനങ്ങളുടെയും വില വർധിപ്പിക്കുകയും സാധാരണക്കാരൻ്റെ കുടുംബ ബജറ്റിനെ ബാധിക്കുകയും ചെയ്യും.

ക്യൂബെക്കിലെ ഷിക്കോട്ടിമിയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന ഡീസൽ വില . ലിറ്ററിന് 2.49 ഡോളർ ആണ് രേഖപ്പെടുത്തിയത്. ആൽബർട്ടയിലെ ഗ്രാൻഡെ പ്രയറിയിലാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 1.85 ഡോളർ. ഗതാഗത മേഖലയിലെ ചിലവ് കൂടുന്നതോടെ പലചരക്ക് സാധനങ്ങൾ മുതൽ വിമാന ഭാഗങ്ങൾക്ക് വരെ വില കൂടാൻ സാധ്യതയുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.