പി പി ചെറിയാന്‍
വാഷിംഗ്ടണ്‍, ഡിസി: ഇറാാനെതിരെയുള്ള സൈനിക നടപടിയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ച് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗാബാര്‍ഡ് രംഗത്തെത്തി. ഇറാന്‍ വിഷയത്തിലുള്ള വിയോജിപ്പിനെത്തുടര്‍ന്ന് നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ ഡയറക്ടര്‍ ജോ കെന്റ് രാജിവെച്ചതിന് പിന്നാലെയാണ് ഗാബാര്‍ഡിന്റെ പ്രതികരണം.
അമേരിക്കന്‍ ജനത തിരഞ്ഞെടുത്ത കമാന്‍ഡര്‍-ഇന്‍-ചീഫ് എന്ന നിലയില്‍, രാജ്യസുരക്ഷ കണക്കിലെടുത്ത് തീരുമാനമെടുക്കാന്‍ ട്രംപിന് അധികാരമുണ്ടെന്ന് ഗാബാര്‍ഡ് വ്യക്തമാക്കി. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇറാനില്‍ നിന്നുള്ള ഭീഷണി അടിയന്തര സ്വഭാവമുള്ളതല്ലെന്നും, ഇസ്രായേലിന്റെയും അവരുടെ ലോബികളുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് യുദ്ധം തുടങ്ങിയതെന്നും ആരോപിച്ചാണ് ജോ കെന്റ് രാജിവെച്ചത്.
കെന്റിന്റെ ആരോപണങ്ങള്‍ തള്ളിയ ട്രംപ്, അദ്ദേഹം സുരക്ഷാ കാര്യങ്ങളില്‍ ദുര്‍ബലനാണെന്ന് വിമര്‍ശിച്ചു. ഇറാന്‍ ഭീഷണിയാണെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ട്രംപ് പറഞ്ഞു.
കെന്റിന്റെ കത്തിലെ അവകാശവാദങ്ങള്‍ തെറ്റാണെന്നും ഇറാാന്‍ ഭീഷണി നേരിടാന്‍ തന്നെയാണ് നടപടി സ്വീകരിച്ചതെന്നും പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റും വ്യക്തമാക്കി.
ഇറാന്‍ യുദ്ധത്തിന്റെ സാംഗത്യത്തെച്ചൊല്ലി വാഷിംഗ്ടണില്‍ രാഷ്ട്രീയ ചേരിതിരിവ് ശക്തമാകുന്നതിന്റെ സൂചനയാണ് ജോ കെന്റിന്റെ രാജി.