പി പി ചെറിയാന്‍
ഷിക്കാഗോ: അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായ ഇന്ത്യന്‍ വംശജന്‍ രാജ കൃഷ്ണമൂര്‍ത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി. വന്‍ തുക പ്രചാരണത്തിനായി ചിലവഴിച്ചിട്ടും ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജൂലിയാന സ്ട്രാറ്റണോടാണ് അദ്ദേഹം പരാജയപ്പെട്ടത്. ഇതോടെ അമേരിക്കന്‍ സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാകാനുള്ള കൃഷ്ണമൂര്‍ത്തിയുടെ ചരിത്രപരമായ നീക്കത്തിന് താല്‍ക്കാലികമായി വിരാമമായി.
ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികളില്‍ നിന്നും ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്മെന്റുമായി ബന്ധമുള്ള കമ്പനികളില്‍ നിന്നും കൃഷ്ണമൂര്‍ത്തി ഫണ്ട് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. ഇത് ഡെമോക്രാറ്റിക് വോട്ടര്‍മാര്‍ക്കിടയില്‍ അദ്ദേഹത്തിന് തിരിച്ചടിയായി. ഇലനോയി ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സ്‌കറുടെ ശക്തമായ പിന്തുണ ജൂലിയാന സ്ട്രാറ്റണ് ഗുണകരമായി.
കൃഷ്ണമൂര്‍ത്തി ഏകദേശം 30 മില്യണ്‍ ഡോളറിലധികം പ്രചാരണത്തിനായി ചിലവഴിച്ചപ്പോള്‍, സ്ട്രാറ്റണ്‍ വളരെ കുറഞ്ഞ തുക മാത്രമാണ് ചിലവഴിച്ചത്. പണം കൊണ്ട് മാത്രം വിജയം നേടാനാവില്ലെന്ന് ഈ ഫലം തെളിയിച്ചു. കറുത്തവര്‍ഗക്കാരുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കൃഷ്ണമൂര്‍ത്തിയുടെ അനുകൂലികള്‍ ശ്രമിച്ചെന്ന ആരോപണവും സ്ട്രാറ്റണ് അനുകൂലമായ വികാരം സൃഷ്ടിക്കാന്‍ കാരണമായി.
തന്റെ പരാജയം അംഗീകരിച്ച കൃഷ്ണമൂര്‍ത്തി, ഒരു കുടിയേറ്റക്കാരനായ തനിക്ക് രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയ അമേരിക്കയ്ക്ക് നന്ദി പറഞ്ഞു. ഡെമോക്രാറ്റുകള്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.