പി പി ചെറിയാന്‍
വിസ്‌കോണ്‍സിന്‍: വിസ്‌കോണ്‍സിനില്‍ മൂന്ന് വര്‍ഷം മുമ്പ് നവജാത ശിശുവായിരുന്ന സ്വന്തം മകളെ ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ യുവാവിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 21 വയസ്സുകാരനായ ലോഗന്‍ ക്രൂക്കന്‍ബെര്‍ഗ് ആന്‍ഡേഴ്‌സനെയാണ് കോടതി ശിക്ഷിച്ചത്.
2021-ലായിരുന്നു നാടിനെ നടുക്കിയ സംഭവം. അന്ന് 16 വയസ്സുകാരനായിരുന്ന ലോഗന്‍, തന്റെ കാമുകി ബാത്ത് ടബ്ബില്‍ ജന്മം നല്‍കിയ പെണ്‍കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി. മഞ്ഞുമൂടിയ കാട്ടില്‍ കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം തലയ്ക്ക് രണ്ട് തവണ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുഞ്ഞ് തന്റെ ജീവിതത്തിന് ഒരു തടസ്സമാകുമെന്ന് കരുതിയാണ് ലോഗന്‍ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ പറഞ്ഞു.
കുഞ്ഞിനെ ദത്തെടുക്കാന്‍ ഒരാള്‍ക്ക് കൈമാറി എന്നായിരുന്നു പ്രതി ആദ്യം പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ സത്യാവസ്ഥ പുറത്തുവരികയായിരുന്നു.
മാര്‍ച്ച് 16 തിങ്കളാഴ്ച നടന്ന വാദത്തിനൊടുവിലാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാള്‍ക്ക് 45 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മാത്രമേ ഇളവുകളെ കുറിച്ച് അപേക്ഷിക്കാന്‍ സാധിക്കൂ.