യുഎസ് വിസയ്ക്ക് 15,000 ഡോളര്‍ ബോണ്ട്: നിയന്ത്രണം കൂടുതല്‍ രാജ്യങ്ങളിലേക്ക്; പുതിയ നിയമം ഏപ്രില്‍ 2 മുതല്‍

By: 600002 On: Mar 19, 2026, 8:24 AM


 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ വിസ ലഭിക്കുന്നതിന് 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) ബോണ്ട് തുകയായി കെട്ടിവെക്കണമെന്ന നിബന്ധന 12 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. ഇതോടെ ആകെ 50 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഈ നിയന്ത്രണം ബാധകമാകും. ഏപ്രില്‍ 2 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും.

വിസ കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി അമേരിക്കയില്‍ തങ്ങുന്നത് തടയുക, ബിസിനസ്, ടൂറിസ്റ്റ് (B2) വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്കാണ് ഈ തുക ബാധകം.

പുതിയ രാജ്യങ്ങള്‍: കംബോഡിയ, എത്യോപ്യ, ജോര്‍ജിയ, ഗ്രനേഡ, ലെസോത്തോ, മൗറീഷ്യസ്, മംഗോളിയ, മൊസാംബിക്, നിക്കരാഗ്വ, പാപ്പുവ ന്യൂ ഗിനിയ, സീഷെല്‍സ്, ടുണീഷ്യ.

വിസ കാലാവധിക്ക് മുന്‍പ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കും വിസ ലഭിച്ചിട്ടും യാത്ര ചെയ്യാത്തവര്‍ക്കും ഈ ബോണ്ട് തുക തിരികെ നല്‍കും.

നേരത്തെ ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ ഉള്‍പ്പെടെയുള്ള 38 രാജ്യങ്ങളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കടുത്ത കുടിയേറ്റ നയങ്ങളുടെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം.