ചികിത്സാക്കിടെ അണുവിമുക്തമല്ലാത്ത സൂചി ഉപയോഗിച്ചതിനെത്തുടർന്ന് മാരകമായ അണുബാധയുണ്ടായെന്ന് ആരോപിച്ച് ബർലിംഗ്ടൺ സ്വദേശി കോടതിയെ സമീപിച്ചു. ഹാൽട്ടൺ ഫാമിലി ഹെൽത്ത് സെൻ്ററിലെ ഡോക്ടർ തിമോത്തി സാൾട്ടർക്കെതിരെയാണ് ഡാർവിൻ അലൻ എന്ന രോഗി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
2023 സെപ്റ്റംബറിൽ മുറിവിന് ചികിത്സ തേടിയാണ് അലൻ ഈ ക്ലിനിക്കിലെത്തിയത്. ചികിത്സയുടെ ഭാഗമായി ഡോക്ടർ കുത്തിവെപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിനായി ഉപയോഗിച്ച സൂചി അണുവിമുക്തമായിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ഏകദേശം രണ്ട് വർഷത്തിന് ശേഷം, 2025 നവംബറിലാണ് ഹാൽട്ടൺ പബ്ലിക് ഹെൽത്തിൽ നിന്ന് അലന് നിർണ്ണായകമായ ഒരു മുന്നറിയിപ്പ് കത്ത് ലഭിക്കുന്നത്. ഈ ക്ലിനിക്കിൽ അണുബാധ നിയന്ത്രണ സംവിധാനങ്ങളിൽ വീഴ്ചയുണ്ടായെന്നും, അനസ്തേഷ്യ നൽകാൻ ഉപയോഗിച്ച സൂചികൾ സുരക്ഷിതമായിരുന്നില്ലെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.
കത്തിലെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് അലന് ഹെപ്പറ്റൈറ്റിസ് സി സ്ഥിരീകരിച്ചത്. ഈ അണുബാധ തൻ്റെ ജീവിതത്തെയും ആരോഗ്യത്തെയും തകർത്തുവെന്ന് അലൻ്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. ക്ലിനിക്കിൻ്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയും സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയുമാണ് ഇതിന് കാരണമെന്നും അവർ ആരോപിക്കുന്നു. സമാനമായ രീതിയിൽ പബ്ലിക് ഹെൽത്ത് നോട്ടീസ് ലഭിച്ച മറ്റ് രോഗികളും പരാതിയുമായി മുന്നോട്ട് വരണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.