എഡ്മൻ്റണിൽ ഹൈവേയിലുണ്ടായ വെടിവെപ്പിൽ 22 വയസ്സുകാരനായ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു

By: 600110 On: Mar 18, 2026, 11:26 AM

കാനഡയിലെ എഡ്മൻ്റണിൽ ഹൈവേയിലുണ്ടായ വെടിവെപ്പിൽ 22 വയസ്സുകാരനായ ഇന്ത്യൻ യുവാവ് കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഹൈവേ 2-ൽ എഡ്മൻ്റണിന് തെക്ക് ഭാഗത്താണ് സംഭവം നടന്നത്. എഡ്മൻ്റൺ സ്വദേശിയായ ബിരീന്ദർ സിംഗാണ് വെടിയേറ്റ് മരിച്ചത്.

സുഹൃത്തുക്കൾക്കൊപ്പം തൻ്റെ കറുത്ത ഹോണ്ട സിവിക് കാറിൽ യാത്ര ചെയ്യുകയായിരുന്നു ബിരീന്ദർ. ഉച്ചയ്ക്ക് ഏകദേശം 2:50-ഓടെ  ഒരു പിക്കപ്പ് ട്രക്ക് ഇവരുടെ കാറിന് അടുത്തേക്ക് വരികയും വെടിയുതിർക്കുകയുമായിരുന്നു. വെടിയേറ്റ ഉടൻ തന്നെ ബിരീന്ദർ കൊല്ലപ്പെട്ടു. കാറിലുണ്ടായിരുന്ന സുഹൃത്തുക്കൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ആക്രമണത്തിന് ശേഷം പിക്കപ്പ് ട്രക്ക് അതിവേഗത്തിൽ ഓടിച്ചുപോയതായി ദൃക്‌സാക്ഷികൾ മൊഴി നൽകി.

റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് മേജർ ക്രൈംസ് യൂണിറ്റ് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അക്രമികൾ സഞ്ചരിച്ച ട്രക്കിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ബിരീന്ദറിൻ്റെ അപ്രതീക്ഷിത മരണം അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനും സംസ്കാര ചടങ്ങുകൾക്കുമായി സുഹൃത്തുക്കൾ 'GoFundMe' വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.