ബ്രിട്ടീഷ് കൊളംബിയയിലെ ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനായി പ്രവിശ്യാ സർക്കാർ ആവിഷ്കരിച്ച പ്രത്യേക റിക്രൂട്ട്‌മെൻ്റ് പദ്ധതി വൻ വിജയമാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ അമേരിക്കയിൽ നിന്ന് 400-ലധികം ആരോഗ്യപ്രവർത്തകരെ നിയമിച്ചതായി ബി.സി. ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 89 ഡോക്ടർമാരും 260 നഴ്‌സുമാരും 42 നഴ്‌സ് പ്രാക്ടീഷണർമാരും ഉൾപ്പെടുന്നു.
അമേരിക്കയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളും തൊഴിലിടങ്ങളിലെ സുരക്ഷാപ്രശ്നങ്ങളുമാണ് പലരെയും കാനഡയിലേക്ക് വരാൻ പ്രേരിപ്പിച്ചത്. ഒക്‌ലഹോമയിലെ ഒരു ആശുപത്രിയിൽ നടന്ന വെടിവെപ്പിനെത്തുടർന്ന് കാനഡയിലേക്ക് കുടിയേറിയ ഡോക്ടർ ആനി ഹെർഡ്മാൻ റോയലിനെപ്പോലെയുള്ള നൂറുകണക്കിന് വിദഗ്ധരാണ് ഇപ്പോൾ ബി.സി.യിലെ വിവിധ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സേവനം അനുഷ്ഠിക്കുന്നത്. ഈ റിക്രൂട്ട്‌മെൻ്റ് ഡ്രൈവ് പ്രവിശ്യയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ആരോഗ്യ മന്ത്രി ജോസി ഓസ്ബോൺ പറഞ്ഞു. പുതുതായി എത്തിയ ഡോക്ടർമാരിൽ പകുതിപേർ ഫാമിലി ഡോക്ടർമാരായാൽ പോലും ഏകദേശം 50,000-ത്തിലധികം പേർക്ക് പുതുതായി പ്രാഥമിക ചികിൽസ ലഭ്യമാക്കാൻ ഇത് സഹായിക്കും. കഴിഞ്ഞ പത്ത് മാസത്തിനിടെ അയ്യായിരത്തോളം അപേക്ഷകളാണ് അമേരിക്കയിൽ നിന്ന് ലഭിച്ചത്. ഇതിൽ യോഗ്യരായ പരമാവധി ആളുകളെ നിയമിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.