കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചന: ജപ്പാൻ സ്വദേശി തൊഴിൽ ചൂഷണത്തിന് ഇരയായി

By: 600110 On: Mar 18, 2026, 9:08 AM

 

കാനഡയിലെത്തിയ 24 വയസ്സുകാരനായ ജപ്പാൻ സ്വദേശി ക്രൂരമായ തൊഴിൽ ചൂഷണത്തിന് ഇരയായതായി റോയൽ കാനഡ മൗണ്ടഡ് പൊലീസ് . ഇംഗ്ലീഷ് പഠിക്കാനായി ടൊറൻ്റോയിലെത്തിയ യുവാവിനെ നിർബന്ധിതമായി നോവ സ്കോഷ്യയിലെ ഒരു ക്യാമ്പ് ഗ്രൗണ്ടിൽ എത്തിച്ച് അമിത ജോലി ചെയ്യിപ്പിക്കുകയായിരുന്നു. ഏകദേശം ഒരു വർഷത്തോളം ജോലി ചെയ്തതിന് ആകെ 300 ഡോളർ മാത്രമാണ് ഇയാൾക്ക് പ്രതിഫലമായി ലഭിച്ചത്. താമസസ്ഥലത്തെ പരിചയക്കാരൻ വിസ റദ്ദാക്കുമെന്നും നാട്ടിലേക്ക് തിരിച്ചയക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവാവിനെക്കൊണ്ട് നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചിരുന്നത്.

കാനഡയിൽ അടുത്ത കാലത്തായി തൊഴിൽപരമായ മനുഷ്യക്കടത്ത് കേസുകൾ വർദ്ധിച്ചുവരുന്നതായി പൊലീസ് അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് ഒൻ്റാരിയോ സ്വദേശിയായ ട്രെവർ ആനൻ (65) എന്നയാൾക്കെതിരെ മനുഷ്യക്കടത്ത്, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു. പണമില്ലാത്ത അവസ്ഥയിലായിരുന്ന യുവാവിന് ജോലി വാഗ്ദാനം നൽകി വഞ്ചിച്ച ഇയാൾ, യുവാവിൻ്റെ കൈയിൽ നിന്നും പണം കടം വാങ്ങുകയും അത്  തിരികെ നൽകാതെ നിയമവിരുദ്ധമായി തടഞ്ഞുവെച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കാനഡയിൽ 2022-ന് ശേഷം ഇത്തരം ചൂഷണങ്ങളെക്കുറിച്ച് ഹെൽപ്പ് ലൈനുകളിൽ എത്തുന്ന പരാതികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഇമിഗ്രേഷൻ രേഖകൾ തടഞ്ഞുവെച്ചും ഭീഷണിപ്പെടുത്തിയും നടക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ പലതും പുറംലോകം അറിയാതെ പോകുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു