ഒൻ്റാരിയോയിലെ ഹൈവേകളിൽ കാർപൂളിംഗിനായി മാറ്റിവെച്ചിരിക്കുന്ന ഹൈ-ഒക്യുപ്പെൻസി വെഹിക്കിൾ ലെയ്‌നുകൾ ഇനി മുതൽ തിരക്കില്ലാത്ത സമയങ്ങളിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്കും ഉപയോഗിക്കാമെന്ന് ഗതാഗത മന്ത്രി പ്രഭ്മീത് സർക്കാരിയ . പ്രവിശ്യയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള ഫോർഡ് സർക്കാരിൻ്റെ പുതിയ നീക്കമാണിത്. നിലവിൽ ഒന്നിലധികം യാത്രക്കാരുള്ള വാഹനങ്ങൾക്ക് മാത്രമാണ് ഈ ലെയ്‌നുകൾ ഉപയോഗിക്കാൻ അനുവാദമുള്ളത്. എന്നാൽ പുതിയ മാറ്റം വരുന്നതോടെ നിശ്ചിത സമയങ്ങളിൽ എല്ലാ ഡ്രൈവർമാർക്കും ഈ ലെയ്‌നുകൾ ലഭ്യമാകും. ഇത് യാത്രക്കാർക്ക് വലിയ ആശ്വാസമാകുമെന്നും യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നും ഗതാഗത മന്ത്രാലയത്തിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഗതാഗതക്കുരുക്ക് മൂലം സമ്പദ്‌വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടമുണ്ടാകുന്നുണ്ടെന്നും ഡ്രൈവർമാരുടെ ജീവിതനിലവാരത്തെ ഇത് ബാധിക്കുന്നുണ്ടെന്നും മന്ത്രി സർക്കാരിയ പറഞ്ഞു. പുതിയ നിയമം എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്നോ, ഏതൊക്കെ സമയങ്ങളിലാണ് ഈ ഇളവ് ലഭിക്കുക എന്നോ ഉള്ള കാര്യത്തിൽ വരും മാസങ്ങളിൽ പൊതുജനങ്ങളുമായി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും. തിരക്കേറിയ സമയങ്ങൾ ഈ ഇളവിൽ ഉൾപ്പെടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഹൈവേ ട്രാഫിക് ആക്റ്റിൽ ആവശ്യമായ ഭേദഗതികൾ വരുത്തിക്കൊണ്ട് ഈ വർഷം അവസാനത്തോടെ പുതിയ നിയമം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിലുള്ളതും നിർമ്മാണത്തിലിരിക്കുന്നതുമായ എല്ലാ ഹോവ് ലെയ്‌നുകൾക്കും ഈ മാറ്റം ബാധകമായിരിക്കും.