കാനഡയിലെ പൊതു ആരോഗ്യസംരക്ഷണ സംവിധാനം തകർക്കപ്പെടുന്നുവെന്നും 'അമേരിക്കൻ മാതൃകയിലുള്ള' രണ്ട് തട്ടുകളായുള്ള (Two-tier) ചികിത്സാരീതി രാജ്യത്ത് നടപ്പിലാക്കാൻ നീക്കം നടക്കുന്നുവെന്നും ആരോപിച്ച് ആരോഗ്യപ്രവർത്തകരും പൊതുജനങ്ങളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. ആൽബർട്ട പാസാക്കിയ 'ബിൽ 11' എന്നറിയപ്പെടുന്ന ഹെൽത്ത് സ്റ്റാറ്റ്യൂട്ട്സ് ഭേദഗതി നിയമത്തിനെതിരെയാണ് പ്രധാനമായും പ്രതിഷേധം ഉയരുന്നത്. ഈ പുതിയ നിയമപ്രകാരം ഡോക്ടർമാർക്ക് പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഒരേസമയം സേവനം അനുഷ്ഠിക്കാൻ സാധിക്കും. ഇത് കാനഡ ഹെൽത്ത് ആക്ടിൻ്റെ ലംഘനമാണെന്നും ഫെഡറൽ സർക്കാർ വിഷയത്തിൽ ഉടൻ ഇടപെടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.
സ്വകാര്യ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നത് നിലവിലെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആൽബർട്ട സർക്കാരിൻ്റെ വാദം. എന്നാൽ, പണമുള്ളവർക്ക് മാത്രം വേഗത്തിൽ ചികിത്സ ലഭ്യമാകുന്ന സാഹചര്യം ഇത് സൃഷ്ടിക്കുമെന്നും സാധാരണക്കാർക്ക് മികച്ച ചികിത്സ ലഭിക്കാൻ ഇനിയും കൂടുതൽ കാലം കാത്തിരിക്കേണ്ടി വരുമെന്നും ആരോഗ്യ മേഖലയിലെ വിദഗ്ധർ ആശങ്കപ്പെടുന്നു. ആൽബർട്ടയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല ഈ പ്രശ്നമെന്നും, കാനഡയിലുടനീളമുള്ള പൊതുജനാരോഗ്യ സംവിധാനത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും യുണൈറ്റഡ് നഴ്സസ് ഓഫ് ആൽബർട്ടയുടെ പ്രസിഡൻ്റ് ഹെതർ സ്മിത്ത് മുന്നറിയിപ്പ് നൽകി. രാജ്യത്തെ വിവിധ നഗരങ്ങളിൽ 'പൊതുജനാരോഗ്യ സംരക്ഷണ ദിനമായി' പ്രഖ്യാപിച്ച് നടന്ന റാലികളിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്