പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: ഇറാാനെതിരായ സൈനിക നീക്കങ്ങളില്‍ പ്രതിഷേധിച്ച് നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ (NCTC) ഡയറക്ടര്‍ ജോ കെന്റ് രാജിവെച്ചു. ഇറാന്റെ ഭാഗത്തുനിന്ന് അമേരിക്കയ്ക്ക് പെട്ടെന്നുള്ള ഭീഷണി (Imminent threat) ഒന്നും ഉണ്ടായിരുന്നില്ലെന്നും, ഇസ്രായേലിന്റെയും അവരുടെ അമേരിക്കന്‍ ലോബിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ട്രംപ് ഭരണകൂടം ഈ യുദ്ധം തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു. തന്റെ മനസാക്ഷിക്കു വിരുദ്ധമായി ഈ യുദ്ധത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് കെന്റ് വ്യക്തമാക്കി.
ഇസ്രായേല്‍ താല്‍പര്യങ്ങളാണ് അമേരിക്കയെ യുദ്ധത്തിലേക്ക് നയിച്ചതെന്ന കെന്റിന്റെ പ്രസ്താവന പ്രസിഡന്റ് ട്രംപ് തള്ളിക്കളഞ്ഞു. ജോ കെന്റ് സുരക്ഷാ കാര്യങ്ങളില്‍ 'ദുര്‍ബലന്‍' ആണെന്നും, ഇറാന്‍ വലിയ ഭീഷണിയാണെന്ന് വിശ്വസിക്കാത്തവര്‍ക്ക് തന്റെ ഭരണകൂടത്തില്‍ സ്ഥാനമില്ലെന്നും ട്രംപ് പ്രതികരിച്ചു.
മുന്‍ ഗ്രീന്‍ ബെററ്റ് കമാന്‍ഡോ ആയിരുന്ന ജോ കെന്റ് കഴിഞ്ഞ ജൂലൈയിലാണ് ഈ സ്ഥാനമേറ്റെടുത്തത്. തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇദ്ദേഹത്തിന്റെ നിയമനത്തെ ഡെമോക്രാറ്റുകള്‍ നേരത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍, ഇറാാന്‍ യുദ്ധത്തില്‍ കെന്റ് ഉന്നയിച്ച ആശങ്കകള്‍ ശരിയാണെന്ന് സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റിക് അംഗം മാര്‍ക്ക് വാര്‍ണര്‍ അഭിപ്രായപ്പെട്ടു.
അമേരിക്കയ്ക്കുള്ളില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ രാജിയെന്നത് ശ്രദ്ധേയമാണ്.