വിശുദ്ധ കുര്‍ബ്ബാനയിലൂടെ ക്രിസ്തു പകരുന്ന ദൈവീക സ്‌നേഹം

By: 600002 On: Mar 17, 2026, 5:11 PM

 

 

ഡോ. മാത്യു ജോയിസ്, മാടപ്പാട്ട് 

 

വലിയ നോമ്പിന്റെ ആഘോഷപൂര്‍ണ്ണമായ ആചാരം നമ്മെ ഓര്‍പ്പിക്കുന്നത്, ക്രിസ്തുവിന്റെ  ക്രൂശുമരണവും പുനരുത്ഥാനവും അവന്റെ പുനരാഗമനം വാഞ്ചിച്ചിരിക്കുന്ന  വിശ്വാസികള്‍ക്ക് ആചരിക്കാന്‍ ഭരമേല്പിച്ച വിശുദ്ധ കുര്‍ബ്ബാനയും അദൃശ്യമായ പരിശുദ്ധാത്മാവിന്റെ സഹവാസവുമാണ്.

പരിശുദ്ധ കുര്‍ബാന ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയത്തില്‍ നിലകൊള്ളുന്ന ദൈവീക രഹസ്യമാണ്. അത് ഒരേസമയം ബലിയും വിരുന്നുമാണ്. കാല്‍വരി മലയില്‍ കര്‍ത്താവായ യേശു ക്രൂശില്‍ അര്‍പ്പിച്ച ത്യാഗബലി മനുഷ്യരുടെ രക്ഷയ്ക്കായുള്ള ശാശ്വത യാഗമായി മാറി. ആ ഒരിക്കല്‍ നടന്ന ബലി തന്നെയാണ് പരിശുദ്ധ കുര്‍ബാനയില്‍ സ്മരണയായി മാത്രമല്ല, ആത്മീയമായി ഇന്നും വിശ്വാസികളുടെ ഇടയില്‍ സാക്ഷാത്കരിക്കപ്പെടുന്നത്.

പഴയ നിയമത്തില്‍ ദൈവം മനുഷ്യനോടു സ്ഥാപിച്ച ഉടമ്പടികളും ബലികളും ഭക്ഷണങ്ങളും ഈ മഹാരഹസ്യത്തെ മുന്‍കൂട്ടി സൂചിപ്പിച്ചിരുന്നു. 

ജീവന്റെ വൃക്ഷത്തിലെ വിലക്കപ്പെട്ട ഫലം മനുഷ്യന്റെ വീഴ്ചയ്ക്ക് കാരണമായി (ഉല്‍പത്തി 2:17). എന്നാല്‍ യേശുനാഥന്‍ കാല്‍വറി  മലയില്‍ കുരിശില്‍ അര്‍പ്പിച്ച ബലി മനുഷ്യര്‍ക്കു രക്ഷയുടെ വാതില്‍ തുറന്നു (യോഹന്നാന്‍ 19:34).

ആദ്യ മനുഷ്യന്‍ അനുസരണക്കേടിലൂടെ നഷ്ടപ്പെടുത്തിയ കൃപ, കുരിശില്‍ നിന്നു പൊഴിഞ്ഞ രക്തവും ജലവും വഴി വീണ്ടും ലഭിച്ചു. ജീവന്റെ വൃക്ഷം നഷ്ടത്തിന്റെ അടയാളമായിരുന്നുവെങ്കില്‍, കാല്‍വറിയിലെ  കുരിശ് വീണ്ടെടുപ്പിന്റെ വൃക്ഷമായി മാറി.

മെല്‍ക്കിസെദേക്കിന്റെ അപ്പവും വീഞ്ഞും, അബ്രാഹാം തന്റെ മകനായ ഇസഹാക്കിനെ സമര്‍പ്പിക്കാന്‍ സന്നദ്ധനായ സംഭവം, യഹൂദരുടെ പെസഹാ ഭോജനം തുടങ്ങിയവ എല്ലാം പിന്നീട് യേശുവില്‍ പൂര്‍ണ്ണത കൈവരിക്കുന്ന കുര്‍ബാനയുടെ പ്രതീകങ്ങളായിരുന്നു.

അന്ത്യവിരുന്നില്‍ യേശു തന്റെ ശരീരവും രക്തവും മനുഷ്യര്‍ക്കായി സമര്‍പ്പിച്ച് പുതിയ നിയമത്തിന്റെ പെസഹാ ഭോജനത്തെ സ്ഥാപിച്ചു. അതുകൊണ്ട് കുര്‍ബാന വെറും ഒരു ആരാധനക്രമമല്ല; അത് ദൈവവും മനുഷ്യനും തമ്മിലുള്ള സ്‌നേഹത്തിന്റെ പുതുക്കിയ ഉടമ്പടിയും ആത്മീയ ഭക്ഷണവുമാണ്.

വിശ്വാസികള്‍ കുര്‍ബാനയില്‍ പങ്കുചേരുമ്പോള്‍, അവര്‍ കര്‍ത്താവിന്റെ വചനത്തിലും ശരീരത്തിലും സാന്നിധ്യം അനുഭവിക്കുന്നു. അതിലൂടെ ആത്മീയ വളര്‍ച്ചയും വിശുദ്ധീകരണവും ലഭിക്കുകയും നിത്യജീവിതത്തിന്റെ പ്രത്യാശ ഉറപ്പിക്കപ്പെടുകയും ചെയ്യുന്നു.

അതുകൊണ്ട് പരിശുദ്ധ കുര്‍ബാന കാല്‍വരിയിലെ ബലിയുടെ തുടര്‍ച്ചയും ദൈവകൃപയുടെ വിരുന്നുമായാണ് സഭ അനുഭവിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത്മനുഷ്യരോടുള്ള ദൈവത്തിന്റെ അഗാധ സ്‌നേഹത്തിന്റെ ജീവനുള്ള അടയാളമായി പരിശുദ്ധാത്മാവ്  നമ്മളില്‍ സദാ കുടികൊള്ളുന്നതിനാലാണ്.

ക്രൈസ്തവന്‍ തന്റെ ജീവിതം ആസ്വദിക്കുവാന്‍  കഴിയുന്നത്  അവനിലുള്ള പരിശുദ്ധാത്മാവ് വഴിയാണ്; പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ വഴിയാണ്. അവ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം (ഗലാ 5:22) എന്നിവയാണ്. ഈ ഫലങ്ങളിലൂടെയാണ് ക്രൈസ്തവന്‍ സജീവിതം ആത്മീയമായി കാണുന്നതും അതുപോലെ ക്രൈസ്തവനെ തിരിച്ചറിയുന്നതും കാണുന്നതും. ഫലങ്ങളിലൂടെയല്ലാതെ വൃക്ഷങ്ങളെയും മനുഷ്യരെയും ഒക്കെ നാം തിരിച്ചറിയുക. ഈ ഫലങ്ങളില്‍, ജീവിതത്തെ ഏറ്റവും മനോഹരവും ആത്മാര്‍ത്ഥവുമാക്കി തീര്‍ക്കുന്നത് സ്‌നേഹമാണ്. ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് സ്‌നേഹമാണ്. അതില്ലെങ്കില്‍ നാം പരമ ദരിദ്രര്‍. 

അങ്ങനെ പൗലോസ് ഈ വിധം പറയുന്നു: ''എനിക്ക് പ്രവചനവരമുണ്ടായിരിക്കയും സകല രഹസ്യങ്ങളും ജ്ഞാനം ഗ്രഹിക്കയും ചെയ്താലും സകല വിശ്വാസവും മലകള്‍ മാറ്റാന്‍ തക്ക വിശ്വാസവും എനിക്ക് ഉണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല. എന്റെ എല്ലാം സ്വത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവും ഇല്ല'' (1 കൊരി 13:23).

യഥാര്‍ത്ഥ സ്‌നേഹം ദൈവം തന്നെയാണ്. ദൈവത്തെക്കുറിച്ച് ചൊല്ലുന്ന ഏറ്റവും മനോഹരമായ നിര്‍വചനം ''ദൈവം സ്‌നേഹമാണ്'' (1 യോഹ 4:8) എന്നതാണ്. തന്റെ ചെറുതുമായ, സത്യമായ ഈ സ്‌നേഹമാണ് അവിടുന്ന് നമുക്ക് നല്കിയിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളില്‍ ചൊരിഞ്ഞിരിക്കുന്നത് (റോമ 5:5). ക്രൈസ്തവ ജീവിതം എന്നത് ഈ സ്‌നേഹം ആസ്വദിക്കലാണ്. അതാണ് വി. കുര്‍ബാനയിലൂടെ ലഭിക്കുന്ന അനുഗ്രഹം.

അനുഗ്രഹീതമായ ഈസ്റ്റര്‍ ആശംസിക്കുന്നു.