കാനഡയിലെ മാനിറ്റോബ പ്രവിശ്യയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്ലാസ്മ ദാനം ചെയ്ത മൂന്ന് പേർ മരിച്ചതായി ഹെൽത്ത് കാനഡ. ഇതിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ നാല് മാസത്തിനിടയിലാണെന്നത് അതീവ ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. 2025 ഒക്ടോബറിലും 2026 ജനുവരിയിലുമായാണ് ഈ മരണങ്ങൾ നടന്നതെന്ന് സി.ബി.സി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
ഒക്ടോബറിൽ വിന്നിപെഗിലെ ഗ്രിഫോൾസ് പ്ലാസ്മ ഡൊണേഷൻ സെൻ്ററിൽ പ്ലാസ്മ നൽകാനെത്തിയ 22 വയസ്സുകാരിയായ റോഡിയാറ്റ് അലബെദെ കുഴഞ്ഞുവീണ് മരിച്ചതാണ് ഇതിൽ പുറത്തുവന്ന ഒരു സംഭവം. രണ്ടാമത്തെ മരണം ജനുവരി 30-ന് മറ്റൊരു സെൻ്ററിലാണ് നടന്നത്. രക്തസംബന്ധമായ അസുഖങ്ങളിൽ വിദഗ്ധനായ ഡോ. റയാൻ സാരിചാൻസ്കി ഉൾപ്പെടെയുള്ളവർ ഈ മരണങ്ങളിൽ ആശങ്ക രേഖപ്പെടുത്തുകയും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പ്ലാസ്മ ദാനത്തെത്തുടർന്നുള്ള മരണങ്ങൾ ലോകമെമ്പാടും വളരെ അപൂർവ്വമാണെന്നും, എന്നാൽ ഒരേ പ്രവിശ്യയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പ്രോട്ടോക്കോളുകളിലെ വീഴ്ചയാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഗ്രിഫോൾസ് കമ്പനി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും മരണങ്ങളും പ്ലാസ്മ ദാനവും തമ്മിൽ നേരിട്ട് ബന്ധമുള്ളതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് ഹെൽത്ത് കാനഡ അറിയിച്ചു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി മാർച്ച് ഒൻപത് മുതൽ തുടർച്ചയായ പ്ലാസ്മ ദാനങ്ങൾക്കിടയിൽ കുറഞ്ഞത് 48 മണിക്കൂർ ഇടവേള വേണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.