2028 ഐസ് ഹോക്കി ലോകകപ്പിന് കാനഡയിലെ ആൽബർട്ടയും ചെക് റിപ്പബ്ലിക്കും സംയുക്തമായി ആതിഥേയത്വം വഹിക്കും

By: 600110 On: Mar 17, 2026, 1:38 PM

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐസ് ഹോക്കി ലോകകപ്പ് 2028 ഫെബ്രുവരിയിൽ തിരിച്ചെത്തുമെന്ന് നാഷണൽ ഹോക്കി ലീഗ്  പ്രഖ്യാപിച്ചു.  കാൽഗറി, എഡ്മൻ്റൺ  ,ചെക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗുമാണ് ഈ രാജ്യാന്തര ടൂർണമെൻ്റിന് സംയുക്തമായി വേദിയാകുന്നത്. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ഇരുപതിലധികം നഗരങ്ങളെ പിന്തള്ളിയാണ് ആൽബർട്ട ഈ ചരിത്രപരമായ നേട്ടം കൈവരിച്ചത്.

2016-ൽ ടൊറൻ്റോയിൽ നടന്ന ടൂർണമെൻ്റിൽ കാനഡയായിരുന്നു കിരീടം ചൂടിയത്. നിലവിൽ എഡ്മൻ്റണിലെ റോജേഴ്‌സ് പ്ലേസിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ ആൽബർട്ട പ്രീമിയർ ഡാനിയൽ സ്മിത്തും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കാൽഗറിയിലെ പുതുതായി നിർമ്മിക്കുന്ന 'സ്‌കോഷ്യ പ്ലേസ്' സ്റ്റേഡിയത്തിൽ ഏഴ് മത്സരങ്ങൾ നടക്കുമ്പോൾ, ടൂർണമെൻ്റിലെ നിർണ്ണായകമായ സെമിഫൈനൽ പോരാട്ടങ്ങളും ഫൈനലും എഡ്മൻ്റണിലെ റോജേഴ്‌സ് പ്ലേസിലായിരിക്കും അരങ്ങേറുന്നത്.

എട്ട് പ്രമുഖ രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ ടൂർണമെൻ്റ് ആൽബർട്ടയുടെ സാമ്പത്തിക രംഗത്തിന് ഏകദേശം 375 ദശലക്ഷം ഡോളറിൻ്റെ ഉണർവ് നൽകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഓരോ നാല് വർഷം കൂടുമ്പോഴും ലോകത്തിലെ ഏറ്റവും മികച്ച ഹോക്കി താരങ്ങളെ അണിനിരത്തി അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള എൻ.എച്ച്.എല്ലിൻ്റെയും പ്ലെയേഴ്സ് അസോസിയേഷൻ്റെയും  പുതിയ പദ്ധതിയുടെ ഭാഗമായാണ് ലോകകപ്പ് തിരിച്ചെത്തുന്നത്.