ഭവന നിർമ്മാണ മേഖലയിലെ മാന്ദ്യം പരിഹരിക്കുന്നതിനായി നിർണ്ണായക നീക്കവുമായി ഒൻ്റാരിയോയിലെ ഫോർഡ് സർക്കാർ. പുതിയതായി നിർമ്മിക്കുന്ന എല്ലാ വീടുകൾക്കും ഹാർമോണൈസ്ഡ് സെയിൽസ് ടാക്‌സിൻ്റെ (HST) പ്രവിശ്യാ വിഹിതം പൂർണ്ണമായും ഒഴിവാക്കാൻ സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നേരത്തെ ആദ്യമായി വീട് വാങ്ങുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഈ ആനുകൂല്യം, വിപണിയിൽ പ്രതീക്ഷിച്ച ചലനം ഉണ്ടാക്കാത്ത സാഹചര്യത്തിലാണ് എല്ലാ വിഭാഗം ഉപഭോക്താക്കളിലേക്കും വ്യാപിപ്പിക്കാൻ പ്രീമിയർ ഡഗ് ഫോർഡ് തീരുമാനിച്ചത്. വരാനിരിക്കുന്ന വസന്തകാല ബജറ്റിൽ ധനമന്ത്രി പീറ്റർ ബെത്‌ലൻഫാൽവി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നതിലൂടെ പ്രവിശ്യാ ഖജനാവിന് ഏകദേശം രണ്ട് ബില്യൺ ഡോളറിൻ്റെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ ആദ്യമായി വീട് വാങ്ങുന്നവർക്കായി നീക്കിവെച്ചിരുന്ന 470 ദശലക്ഷം ഡോളറിനേക്കാൾ വലിയ തുകയാണിത്. ഒൻ്റാരിയോയുടെ ആകെ കടം 2027-ഓടെ അര ട്രില്യൺ ഡോളർ കടക്കാനിരിക്കെ, ഇത്തരം വൻകിട ഇളവുകൾ പ്രഖ്യാപിക്കുന്നത് വെല്ലുവിളിയാണെങ്കിലും ഭവന നിർമ്മാണ മേഖലയെ ഉത്തേജിപ്പിക്കാൻ ഇത് അനിവാര്യമാണെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. പ്രീ-കൺസ്ട്രക്ഷൻ വിൽപനയിൽ വലിയ വർധനവ് ലക്ഷ്യമിടുന്ന ഈ നീക്കം, സാധാരണക്കാർക്കും നിക്ഷേപകർക്കും ഒരുപോലെ ഗുണകരമാകുമെന്നാണ് വികസന മേഖലയിലുള്ളവർ കരുതുന്നത്.