കാനഡയിലെ തൊഴിൽ വിപണിയിൽ ഫെബ്രുവരി മാസത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. ഫെബ്രുവരിയിൽ മാത്രം രാജ്യത്താകെ 84,000 തൊഴിലുകളാണ് നഷ്ടമായത്. ഇതിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ട പ്രവിശ്യകളിലൊന്നാണ് ബ്രിട്ടീഷ് കൊളംബിയ. കഴിഞ്ഞ മാസം മാത്രം ബ്രിട്ടീഷ് കൊളംബിയയിൽ 20,000-ത്തിലധികം തൊഴിലുകൾ നഷ്ടപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ഭൂരിഭാഗവും സ്വകാര്യ മേഖലയിലെ ഫുൾ ടൈം തസ്തികകളാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണിത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ആറാമത്തെ വലിയ തൊഴിൽ നഷ്ടം കൂടിയാണിതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിലെ വളർച്ചാ മുരടിപ്പാണ് ഈ തകർച്ചയ്ക്ക് കാരണമെന്ന് ബിസിനസ് കൗൺസിൽ ഓഫ് ബി.സി. വിലയിരുത്തുന്നു. 2019-ന് ശേഷം സ്വകാര്യ മേഖലയിലെ തൊഴിൽ വളർച്ച വെറും നാല് ശതമാനം മാത്രമാണെന്ന് പോളിസി ഡയറക്ടർ ജെയ്റോ യൂനിസ് ചൂണ്ടിക്കാട്ടി. അതേസമയം, ഇതേ കാലയളവിൽ പൊതുമേഖലയിലെ തൊഴിലവസരങ്ങൾ 40 ശതമാനം വർദ്ധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്കും പൊതുസേവനത്തിനുള്ള നികുതി വരുമാനത്തിനും സ്വകാര്യ മേഖലയിലെ തൊഴിലുകൾ അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിൽ നഷ്ടം രൂക്ഷമാണെങ്കിലും പ്രവിശ്യയിലെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തിൽ മാറ്റമില്ലാതെ തുടരുകയാണ്. കാനഡയിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ തൊഴിലില്ലായ്മ നിരക്കാണിത്. തിരിച്ചടികൾക്കിടയിലും ചില മേഖലകളിൽ നേരിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. ഹോട്ടൽ-ഭക്ഷണ സേവന രംഗത്ത് 7,200 തൊഴിലുകളും ശാസ്ത്ര-സാങ്കേതിക മേഖലയിൽ 5,300 തൊഴിലുകളും പുതുതായി സൃഷ്ടിക്കപ്പെട്ടു. കൃഷി മേഖലയിൽ 2,000 പേർക്ക് പുതുതായി ജോലി ലഭിച്ചു.